പാലക്കാട്: കണ്ണാടി പറകുന്നത്ത് കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുകയും കാറിന്റെ ചില്ലുകൾ വെട്ടിപൊളിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. കണ്ണാടി കടലാകുറിശ്ശി സ്വദേശി വി. കൃഷ്ണപ്രസാദ്, കണ്ണാടി കുന്നുപറമ്പ് പി.ആർ. ചന്ദ്രബാബു എന്നിവരാണ് അറസ്റ്റിലായത്.
ടൗൺ സൗത്ത് പൊലീസ് ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി കണ്ണാടി ചേലക്കാട് സ്വദേശി മനോജിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 12-ന് കണ്ണാടി പറകുന്നത്തായിരുന്നു സംഭവം. കേസിലെ ഒന്നാം പ്രതി കൃഷ്ണപ്രസാദ് കൊലപാതകങ്ങൾ ഉൾപ്പെടെ മറ്റ് 17 കേസുകളിൽ പ്രതിയാണ്. ഇയാൾ മുൻ കാപ്പ തടവുകാരനുമാണ്. കേസിലെ രണ്ടാം പ്രതി ചന്ദ്രബാബു 12 കേസുകളിൽ പ്രതിയാണ്. എ.എസ്.പി ഷാഹുൽ ഹമീദ് നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ തിരുപ്പതിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
Post Your Comments