റിപ്പോർട്ടറില്‍ നിന്ന് പടിയിറങ്ങിയപ്പോൾ അരുൺകുമാർ ഓക്കേ എന്ന് മാത്രം പറഞ്ഞു, നികേഷ് കുമാറിന്റെ മൗനം വേദനിപ്പിച്ചു- അപർണ

താൻ റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ചിറങ്ങിയെന്ന് സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന അപര്‍ണാ സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സംഘപരിവാര്‍ വിരുദ്ധ, ഇടത് നിലപാടാണ് അവരുടെ പ്രശ്‌നമെന്നും അതിനാലാണ് റിപ്പോര്‍ട്ടറിന്റെ സ്‌ക്രീനില്‍ താന്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചതെന്നുമാണ് അപര്‍ണയുടെ ആരോപണം. തന്റെ ബോധ്യങ്ങളിലും നിലപാടിലും വെള്ളം ചേര്‍ക്കാനാവില്ലെന്ന് വ്യക്തമാക്കി, ഐഡി കാര്‍ഡ് ഊരിയെറിഞ്ഞ് തല ഉയര്‍ത്തിയാണ് പോന്നതെന്നും അപര്‍ണ വ്യക്തമാക്കി.
സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലാണ് അപർണയുടെ വെളിപ്പെടുത്തൽ.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ എതിരു നിന്നാലും നിങ്ങള്‍ സ്‌ക്രീനില്‍ വേണ്ടെന്ന തീരുമാനം മാറ്റില്ലെന്ന് റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ തന്നോട് പറഞ്ഞെന്നും അപര്‍ണ പറയുന്നു. പുതിയ സന്നാഹത്തിലെത്തിയ റിപ്പോര്‍ട്ടറിന്റെ ലോഞ്ചിന്റെ അന്നാണ് ഒടുവില്‍ റിപ്പോര്‍ട്ടറില്‍ ഉണ്ടായിരുന്നതെന്നും അപര്‍ണ പറയുന്നു. എന്തു റോളാണ് തനിക്കവിടെയെന്നോ തന്റെ പ്രോഗ്രാം എങ്ങനെയാകുമെന്നോ ലോഞ്ചിന്റെ തലേദിവസം വരെ പറഞ്ഞിരുന്നില്ല. തന്റെ പ്രൊമോ ഷൂട്ടുകളും നടത്തിയിരുന്നു.

വ്യത്യസ്ത കോസ്റ്റ്യൂമുകളിലാണ് ഒരു ദിവസം ഷൂട്ടിങ് നടന്നു. എഡിറ്റോറിയല്‍ ബോര്‍ഡിലുള്ളവര്‍ മാത്രം മതി സ്‌ക്രീനിലെന്ന് പറയുന്നു. എന്റെ ചര്‍ച്ചകള്‍ അവരുടെ ഇഷ്ടത്തിന് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാകും സ്‌ക്രീനില്‍ വേണ്ടെന്ന് തീരുമാനമെടുത്തത്. അവരുടെ കൈയ്യിലെ പാവയാകാന്‍ എന്നെ കിട്ടില്ല. വാര്‍ത്താ അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ എംഡിയെ കണ്ടു. എംഡിയുമായുള്ള കൂടിക്കാഴ്ചയില്‍ അപര്‍ണയെ സ്‌ക്രീനില്‍ പ്രസന്റ് ചെയ്യാനാവില്ലെന്ന് പറഞ്ഞതോടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ പദവിയോടെ മൂലയ്ക്കിരുത്തുകയാണെന്ന് വ്യക്തമായി.

രാജി കാര്യം വാക്കാല്‍ പറഞ്ഞ് പുറത്തിറങ്ങിയ ഉടന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ തന്നെ റിപ്പോര്‍ട്ടറിന്റെ എല്ലാം ഗ്രൂപ്പുകളില്‍ നിന്നും പുറത്താക്കി. എംഡിയുടെ റൂമില്‍ നിന്ന് പുറത്തിറങ്ങി വന്നപ്പോള്‍ അരുണ്‍ കുമാറിനെ കണ്ടു. രാജിവെയ്ക്കാന്‍ പോകുന്നുവെന്നതടക്കം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഓകെ എന്ന് മാത്രം പറഞ്ഞു ഒഴിയുകയായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാകുമെന്ന് അവര്‍ക്ക് ഒക്കെ അറിയാമായിരുന്നുവെന്ന് തോന്നി.

എഡിറ്റര്‍ ഇന്‍ ചീഫ് എംവി നികേഷ് കുമാറിന്റെ നിശബ്ദത വേദനിപ്പിച്ചുവെന്നും അപര്‍ണ പറയുന്നു. ഒത്തിരി പ്രതിസന്ധികള്‍ക്കും കഷ്ടപ്പാടിനും ഇടയില്‍ ഒപ്പം ഉറച്ചു നിന്നിട്ടും ശമ്പളം പോലും ഇല്ലാതെ ജോലി ചെയ്തിട്ടും ഇങ്ങനെ ഒരു ഘട്ടത്തില്‍ നികേഷ് കുമാറിന്റെ നിശബ്ദത വേദനിപ്പിച്ചു. ഒരു പക്ഷേ സ്ഥാപനം ഇപ്പോള്‍ അദ്ദേഹത്തിന്റേത് അല്ലാത്തതു കൊണ്ടുള്ള നിസ്സഹായാവസ്ഥ ആയിരിക്കാമെന്നും അപര്‍ണ പറയുന്നു.

വര്‍ഷങ്ങളോളം കൃത്യമായി ശമ്പളം കിട്ടാതെ ജോലി ചെയ്തു. മണിക്കൂറുകള്‍ ഒറ്റയ്ക്ക് സ്റ്റുഡിയോയില്‍ മാറാന്‍ ആളു പോലുമില്ലാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. അയോധ്യ വിധി വന്ന ദിവസം രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയൊക്കെ സ്‌ക്രീനില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്. വെള്ളം മാത്രം കുടിച്ചാണ് അങ്ങനെ സ്റ്റുഡിയോയില്‍ ഇരുന്നത്. ഞാനും 7 കുട്ടികളും മാത്രമാണ് റിപ്പോര്‍ട്ടര്‍ ഡെസ്‌കില്‍ അന്നുണ്ടായിരുന്നത്.

മാറി കയറാന്‍ മറ്റൊരു സീനിയര്‍ അവതാരകര്‍ ഇല്ലാതെ കഷ്ടപ്പെട്ടാണ് അന്നെല്ലാം പണിയെടുത്തത്. നികേഷ് സാര്‍ കണ്ണൂരില്‍ പോയിരിക്കുകയായിരുന്നു. എല്ലാം നോക്കിക്കോളണമെന്ന് പറഞ്ഞിട്ടാണ് പോയത്. അങ്ങോട്ടും ഇങ്ങോട്ടും ഏത് സമയത്തും ഒരു റിങില്‍ ഫോണ്‍ എടുക്കുന്ന തരത്തിലുള്ളത്ര പ്രൊഫഷണല്‍ അടുപ്പം ഉണ്ടായിരുന്നു നികേഷ് സാറുമായി. ഗുരുസ്ഥാനീയനാണ്. പക്ഷേ ഇത്രയും പ്രശ്‌നമുണ്ടായിട്ടും ഒരു കോള്‍ പോലും ഉണ്ടാകാത്തതില്‍ വേദനയുണ്ടെന്നും അപര്‍ണ സെന്‍ പറഞ്ഞു.

Share
Leave a Comment