ഉത്തരാഖണ്ഡിൽ ഇന്നും കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ഭാഗങ്ങളിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിട്ടുണ്ട്. നിലവിൽ, മഴ കനത്തതോടെ അളകനന്ദ നദിയിലെ അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ, ദേവപ്രയാഗിലും, ഹരിദ്വാറിലും കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, അടുത്ത അഞ്ച് ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടേക്കും.
കഴിഞ്ഞ ദിവസം ഉണ്ടായ അതിതീവ്ര മഴയിൽ ഉത്തരാഖണ്ഡിലെ പലയിടത്തും മണ്ണിടിച്ചൽ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് ബദരീനാഥ് ദേശീയപാത ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. ഇന്നും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിലെ 13 ജില്ലകളിൽ ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം: യാത്രക്കാർ സുരക്ഷിതർ
അണക്കെട്ടുകൾ പലതും തുറക്കുന്നതിനാൽ, ഗംഗ ഉൾപ്പെടെയുള്ള നിരവധി നദികൾ അപകട രേഖയ്ക്ക് അടുത്തെത്തിയിരിക്കുകയാണ്. നിലവിൽ, ചമോലി ജില്ലയിലെ ജോഷിമഠിലെ നിതി ഘാട്ടിയിൽ ഗിർഥി ഗംഗാ നദിയിലേക്ക് ഉയർന്ന അളവിൽ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതിനെ തുടർന്ന് ജോഷിമഠ്-മലരി റോഡിലെ പാലത്തിന്റെ അബട്ട്മെന്റ് തകർന്നിരിക്കുകയാണ്.
Post Your Comments