Latest NewsKeralaNews

വരാപ്പുഴ പീഡനക്കേസ് പ്രതി സക്കറിയ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ

കാക്കനാട്: വരാപ്പുഴ പീഡനക്കേസിലെ പ്രതി സക്കറിയ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ. തൃക്കാക്കര ക്ഷേത്രത്തിനു സമീപം ഫ്ലാറ്റിൽ താമസിക്കുന്ന സക്കറിയയാണ് (53) അറസ്റ്റിലായത്. രണ്ട് യുവതികളാണ് സക്കറിയയ്‌ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. തൃക്കാക്കര പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാക്കനാട് സ്വദേശിനിയാണ് ആദ്യം സക്കറിയയ്‌ക്കെതിരെ പരാതി നൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയും ഇയാൾക്കെതിരെ പരാതി നൽകി.

രണ്ട് യുവതികൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് നെടുമ്പാശ്ശേരിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു സക്കറിയ. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളോടൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെയും ഇടപാടുകാരുടെയും ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തുള്ള സക്കറിയയുടെ ഫ്ലാറ്റിൽവെച്ച് പലവട്ടം പീഡിപ്പിച്ചുവെന്നായിരുന്നു കാക്കനാട് സ്വദേശിനിയുടെ പരാതി. ഫ്ലാറ്റിൽ മാസങ്ങളോളം പൂട്ടിയിടുകയും തുടർന്ന് പടമുകളിലെ ബാർ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചു എന്നുമാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. പരാതി നൽകിയാൽ അപായപ്പെടുത്തുമെന്ന് ഇയാൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ജീവനിൽ ഭയന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലർ ചേർന്ന് പീഡിപ്പിച്ച കേസിലും കണ്ണൂർ മട്ടന്നൂർ സ്വദേശിനി ചേരാനല്ലൂരിൽ പീഡനത്തിനിരയായ കേസിലും സക്കറിയ പ്രതിയായിരുന്നു. മട്ടന്നൂർ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഇയാളെ 2014-ൽ എറണാകുളം സ്പെഷ്യൽ കോടതി ശിക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button