കോട്ടയം: എംസി റോഡിൽ കോട്ടയം നീലിമംഗലം സംക്രാന്തിയിൽ നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. പച്ചക്കറി ലോറിയിൽനിന്ന് പുറത്തേക്ക് കിടന്ന കയർ കാലിൽ കുരുങ്ങിയാണ് കാൽനടയാത്രക്കാരനായ സംക്രാന്തി ഡ്രൈക്ലീനിംങ് കടയിലെ ജീവനക്കാരൻ മുരളി മരിച്ചത്. ലോറിയിൽ നിന്ന് പുറത്തേയ്ക്കു കിടന്ന കയർ കാലിൽ കുരുങ്ങി വലിച്ചിഴച്ചു കൊണ്ടുപോയതോടെയാണ് അപകടം ഉണ്ടായത്.
പച്ചക്കറി ലോറിയിൽ അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നതാണ് അപകടത്തിന് കാരണം. സംക്രാന്തിയിൽ വെച്ച് പ്രഭാതസവാരിക്കിടെ ചായകുടിക്കാനായി കടയിലേക്ക് പോയ മുരളി ഈ കയറിൽ കുരുങ്ങി. ലോറി ഡ്രൈവറോ സഹായിയോ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മുരളിയെ വലിച്ചിഴച്ച് നൂറുമീറ്ററോളം ലോറി മുന്നോട്ടു നീങ്ങിയിരുന്നു. റോഡിലുരഞ്ഞ് മുരളിയുടെ ഒരു കാൽ അറ്റുപോയി. ഇതിനിടെ മുരളിയുടെ തല വഴിയോരത്ത് ഉണ്ടായിരുന്ന ഒരു പോസ്റ്റിലിടിച്ച് തകരുകയും ചെയ്തതാണ് മരണത്തിനിടയാക്കിയത്. ഇന്ന് പുലർച്ചെ സംക്രാന്തിയിൽ വെച്ചുണ്ടായ അപകടത്തിന് മുൻപ് ഈ ലോറി വഴിയിൽ വേറെയും രണ്ട് അപകടം സൃഷ്ടിച്ചു.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്ന് തൊഴുതു മടങ്ങുകയായിരുന്ന പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികളും ലോറിയിൽ തൂങ്ങിക്കിടന്ന കയറിൽ കുരുങ്ങി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവർ നിലത്തുവീണു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പെരുമ്പായിക്കാട് ഇളയിടത്ത് ബിജു (50), ജോബി (45) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലേയ്ക്കു നീണ്ടു കിടന്ന കയർ ബൈക്കിൽ ഇടക്കിയാണ് ദമ്പതികൾക്ക് പരിക്കേറ്റത്.
ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദർശനത്തിനായാണ് ബൈക്ക് യാത്രക്കാരായ ദമ്പതിമാർ ഇതുവഴി എത്തിയത്. ഇവർ സഞ്ചരിച്ച ബൈക്കിലും ലോറിയുടെ കയർ ഉടക്കുകയായിരുന്നു. ബിജുവിന്റെ കാലിലും ഭാര്യയുടെ കണ്ണിനുമാണ് പരിക്കേറ്റത്. അതിനിടെ കയർ ദേഹത്ത് കുരുങ്ങി മറ്റൊരു സ്ത്രീക്കും പരിക്കേറ്റു. മൂന്ന് അപകടങ്ങൾ സംഭവിച്ചിട്ടും ഒരാൾ മരിച്ചിട്ടും ഇതൊന്നും പച്ചക്കറി ലോറിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരും അറിഞ്ഞിരുന്നില്ല. അതിനാൽ ഈ വാഹനം വഴിയിൽ നിർത്തിയില്ല.
തുടർന്ന്, ലോറി കോട്ടയത്ത് പച്ചക്കറി കടയിൽ എത്തിയപ്പോഴാണ് കയർ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇത് എവിടെയാണ് പോയതെന്ന് അറിയാൻ വേണ്ടി ഇരുചക്രവാഹനത്തിൽ ഇരുവരും വന്ന വഴി വന്നു. ആളുകൾ സംക്രാന്തിയിൽ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഇറങ്ങി നോക്കിയപ്പോഴാണ് ലോറിയിലെ കയറിൽ കുരുങ്ങി ഒരാൾ മരിച്ചതായി മനസിലാക്കിയത്.
Post Your Comments