ഇടുക്കി: കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് പ്രസിഡന്റും സെക്രട്ടറിയും സിഡിഎസും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. അടിമാലിയിലാണ് തട്ടിപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹൃദയ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയർപേഴ്‌സൺ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒൻപത് പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് ആരോപണം.
കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദാണ് പരാതി നൽകിയത്. പതിനൊന്ന് അംഗങ്ങളാണ് സഹൃദയ അയൽക്കൂട്ടത്തിലുള്ളത്. ഇതിൽ ഒൻപത് പേരുടെ വ്യാജ ഒപ്പിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് അംഗവും സഹൃദയ കുടുംബശ്രീ പ്രസിഡന്റുമായ രേഖാ രാധാകൃഷ്ണനും, സെക്രട്ടറി ഷൈമോളും സിഡിഎസ് ചെയർപേഴ്‌സൺ ജിഷാ സന്തോഷും ചേർന്ന് വനിത വികസന കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷത്തി അൻപതിനായിരം രൂപ വായ്പയെടുത്തെന്നാണ് പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
പഞ്ചായത്തിൽ നിന്ന് കോഴികളും, മരത്തൈകളും വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് വാങ്ങിയതെന്നാണ് മീരാമ്മ പറയുന്നത്. പ്രതികൾ ആത്മഹത്യാഭീഷണി മുഴക്കിയതോടെ, ലോൺ എടുത്തത് തങ്ങളുടെ അറിവോടെയെന്ന് മറ്റു അംഗങ്ങളും എഴുതി ഒപ്പിട്ടുകൊടുത്തുവെന്നും ഇവർ പറയുന്നു.
Post Your Comments