കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വെച്ച് അറസ്റ്റിലായ എഴുകോണ്‍ സ്വദേശിനി ആർ രാഖിയുടെ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. രാഖി അടക്കമുള്ള കേരളത്തിലെ യുവ സമൂഹത്തോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. ജോലി ലഭിക്കാത്ത മാനസിക സംഘർഷം മൂലം യുവതി ചെയ്തതാണത്രേ. എനിക്കാ പെൺകുട്ടിയടക്കമുള്ള കേരളത്തിലെ യുവ സമൂഹത്തോട് സഹതാപമാണ് തോന്നുന്നത് . അവർ പിന്നെന്ത് ചെയ്യണം?. സ്വകാര്യ മേഖലയിലെ നിക്ഷേപകരെ മുഴുവൻ തല്ലിയൊടിച്ച ശേഷമുള്ള മധുര മനോജ്ഞ കേരളത്തിൽ ആകെയുള്ള തൊഴിൽദാതാവ് സർക്കാരാണ്. ആ സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ശ്രമിക്കുക എന്നതിലപ്പുറം മലയാളി യുവതയ്ക്ക് മറ്റെന്താണ് പോംവഴി ? പണവും ബന്ധുബലവും ഉള്ളവൻ വിദേശത്ത് പോയി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. അല്ലാത്തവർ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നു. കേരളത്തിലെ അൺ സ്‌കിൽഡ് തൊഴിൽ മേഖല പൂർണമായും ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ കൊണ്ട് വന്ന് സംരക്ഷിച്ച് നിറച്ചിരിക്കുന്നു. അവിടെയും രക്ഷയില്ല’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, ഇന്നലെ രാവിലെയായിരുന്നു രാഖിയുടെ അറസ്റ്റിനാധാരമായ സംഭവം നടന്നത്. ഒറിജിനലിനെ വെല്ലുന്ന രേഖകളാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവുമായെത്തിയ രാഖിയുടെ കൈവശം ഉണ്ടായിരുന്നത്. പല റാങ്ക് ലിസിറ്റിലും തന്റെ പേരുണ്ടെന്നായിരുന്നു രാഖി വാദിച്ചിരുന്നത്. എന്നാൽ, ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞു. രാത്രിയോളം പൊലീസിനെയും ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ച ശേഷമാണ് യുവതി ഒടുവില്‍ സത്യം തുറന്ന് പറഞ്ഞത്. രാഖിയുടെ കൈവശമുണ്ടായിരുന്നത് വ്യാജരേഖയാണെന്ന് ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Post Your Comments