കൊച്ചി: അമേരിക്കന്‍ പ്രതിരോധ സേനയിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളില്‍ ഒന്നായ യു.എസ്.എസ് ജോര്‍ജ് വാഷിങ്ടണ്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയിലേക്ക് കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ഗള്‍ഫ് കടലിടുക്കിലുള്ള കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി യു.എസിലേക്ക് കൊണ്ടുപോകുന്നതിനു പകരമാണ് താരതമ്യേന അടുത്തുള്ള കൊച്ചിലെത്തിക്കാന്‍ നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും വിദഗ്ധര്‍ 13 നു കൊച്ചിയിലെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. ഐ.എന്‍.എസ്. വിക്രാന്തിന്റെ മികവുറ്റ നിര്‍മ്മാണം കണക്കിലെടുത്താണ് ജോര്‍ജ് വാഷിങ്ടണ്‍ എന്ന ആണവ വിമാനവാഹിനി കപ്പലിനെ കൊച്ചിയിലെത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്താന്‍ യു.എസ്. പ്രതിരോധ വകുപ്പിനെ പ്രേരിപ്പിക്കുന്നത്. ലോകത്തു നിലവിലുള്ള ഏതു വിമാനവാഹിനി കപ്പലിന്റെയും അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയ്ക്കു കഴിയുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. കപ്പലുകള്‍ അടുക്കാനുള്ള സൗകര്യവും കൊച്ചിയിലുണ്ട്.
എന്നാല്‍, സുരക്ഷാ സംവിധാനങ്ങളാണ് പ്രതിരോധ വകുപ്പ് പ്രധാനമായും വിലയിരുത്തുന്നത്.
1986-ല്‍ യു.എസിലെ ന്യൂപോര്‍ട്ട് ന്യുസ് ഷിപ്പിങ് ബില്‍ഡേഴ്സില്‍ നിര്‍മ്മാണം ആരംഭിച്ച ജോര്‍ജ് വാഷിങ്ടണ്‍, 1992 ജൂലൈ നാലിനാണ് കമ്മീഷന്‍ ചെയ്തത്്. 333 മീറ്റര്‍ നീളവും 78 മീറ്റര്‍ വീതിയും 74 മീറ്റര്‍ ഉയരവുമുള്ള കപ്പലിന്റെ ഫ്ളൈറ്റ് ഡക്കിന്റെ വിസ്തീര്‍ണം 4.5 ഏക്കര്‍ വരും. 90 ഫൈറ്റര്‍ ജെറ്റുകളെയും 6250 സൈനികരെയും ഒരേ സമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. 97,000 ടണ്ണാണ് ഭാരം.
Post Your Comments