തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിന്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം ഇപ്പോൾ യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ മതധ്രുവീകരണം നടത്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അവർ കോഴിക്കോട് സെമിനാർ നടത്തിയത്. സീതാറാം യെച്ചൂരി കാപട്യത്തിന്റെ അപ്പോസ്തലനാണ്. ഒരു മതവിഭാഗത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടത് അവർ തന്നെയാണെന്നാണ് സീതാറാം യെച്ചൂരി കോഴിക്കോട് പറഞ്ഞത്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ മാറ്റാനായിരുന്നു പിണറായി സർക്കാരിനും സിപിഎമ്മിനും ധൃതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഇനിയെങ്കിലും അയ്യപ്പഭക്തൻമാരോട് മാപ്പ് പറയാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അനാവശ്യ വിവാദങ്ങൾ ഉയർത്തി മുസ്ലിംങ്ങളെ ഭയപ്പെടുത്തി കൂടെ നിർത്താനാണ് കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നത്. വർഗീയ കലാപമുണ്ടാക്കുന്ന പ്രചാരണത്തിൽ നിന്നും മാർകിസ്റ്റ് പാർട്ടി വിട്ടു നിൽക്കണം. കേരളത്തിൽ മോദി സർക്കാരിന്റെ വികസനവും ജനക്ഷേമനയങ്ങളും ചർച്ചയാകാതിരിക്കാനാണ് ഇത്തരം ക്യാമ്പയിൻ നടത്താൻ സിപിഎം മുന്നിട്ടിറങ്ങുന്നത്. എന്നാൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും കേരളം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കി യുപി പോലീസ്
Post Your Comments