കൊച്ചി: വിവാദ ഉത്തരവുമായി പറവൂർ താലൂക്കാശുപത്രിയിലെ സൂപ്രണ്ട്. ഇനി മുതൽ രോഗിയുമായി ആംബുലൻസ് പുറപ്പെടും മുൻപ് മുൻകൂറായി പണം നൽകണമെന്ന് സൂപ്രണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇതേ ആശുപത്രിയിലാണ് ആംബുലൻസിന് മുൻകൂറായി പണം അടയ്ക്കാത്തതിനാൽ ചികിത്സ വൈകി രോഗി മരിച്ച സംഭവമുണ്ടായത് .
അതേസമയം, ആശുപത്രിക്ക് മുൻപിൽ സൂപ്രണ്ട് പതിച്ച നോട്ടിസ് പറവൂർ നഗരസഭ വൈസ് ചെയർമാൻ നേരിട്ടെത്തി നീക്കി. കഴിഞ്ഞ ദിവസമാണ് പറവൂർ താലൂക്കാശുപത്രിയിൽ മുൻകൂർ പണമില്ലാതെ ആംബുലൻസ് വിട്ടുനൽകാത്തതിന്റെ പേരിൽ ചികിത്സ വൈകി രോഗിയായ അസ്മ മരിച്ചത്. സംഭവത്തിൽ ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. എന്നാൽ മുൻകൂറായി പണം നൽകിയാലേ ആംബുലൻസ് വിട്ടുനൽകൂ എന്ന വിചിത്രമായ ഉത്തരവിറക്കിയിരിക്കുകയാണ് ആശുപത്രി സൂപ്രണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രിക്ക് മുൻപിൽ നോട്ടീസും പതിച്ചു.
ആംബുലൻസ് കൈകാര്യം ചെയ്യുന്നത് പറവൂർ നഗരസഭയുടെ ആരോഗ്യവിഭാഗമാണെന്നിരിക്കെയാണ് സൂപ്രണ്ടായ ഡോക്ടർ പി എസ് റോസമ്മ കൂടിയാലോചനകളില്ലാതെ ഉത്തരവിറക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി ഉപരോധിച്ചു.
Post Your Comments