തിരുവനന്തപുരം: വർക്കലയിൽ വിവാഹദിവസം അച്ഛൻ കൊല്ലപ്പെട്ട ശ്രീലക്ഷ്മി വിവാഹിതയായി. ശിവഗിരി അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അച്ഛന്റെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ച് കണ്ണീരോടെയാണ് ശ്രീലക്ഷ്മി താലികെട്ടിനായി ഇറങ്ങിയത്. വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ രാജു കൊല്ലപ്പെടുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
അക്രമികൾ ലക്ഷ്യം വെച്ചത് വധുവിനെയാണെന്നും ശ്രീലക്ഷ്മിയെയാണ് ആദ്യം ആക്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ശ്രീലക്ഷ്മിയെയും വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അക്രമികള്‍ ആക്രമിച്ചിരുന്നു. തടയാൻ ചെന്നപ്പോഴാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍ രാജുവിന് അടിയേറ്റത്. അക്രമികൾ ആശുപത്രി വരെ പിന്തുടർന്നുവെന്നും മരിച്ചു എന്നറിഞ്ഞപ്പോൾ രക്ഷപ്പെട്ടുവെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും ഇയാളുടെ സ്വഭാവം മോശമായതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രശ്നമുണ്ടാക്കി രാജുവിനെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാല് പേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments