ന്യൂഡൽഹി: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാൽ ഐഎസ്ആർഒയുടെ മിഷൻ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 – എം4 റോക്കറ്റ്. രണ്ട് ഖര-ഇന്ധന ബൂസ്റ്ററുകളും ഒരു ലിക്വിഡ്-ഇന്ധന കോർ സ്റ്റേജും ഉൾക്കൊള്ളുന്ന മൂന്ന്-ഘട്ട റോക്കറ്റാണ്. ഖര-ഇന്ധന ബൂസ്റ്ററുകൾ പ്രാരംഭ ത്രസ്റ്റ് നൽകുന്നു. അതേസമയം, ദ്രവ-ഇന്ധന കോർ ഘട്ടമാണ് റോക്കറ്റിനെ ഭ്രമണപഥത്തിലേക്ക് നയിക്കുന്നതിന് സുസ്ഥിരമായ ത്രസ്റ്റ് ഉറപ്പാക്കുന്നത്.
Post Your Comments