Latest NewsIndiaInternational

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി: ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണറാണ് സമ്മാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് മോദിക്ക് ബഹുമതി നല്‍കിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ പാരീസിലെത്തിയ പ്രധാനമന്ത്രി മോദിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇന്ന് നടക്കുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തില്‍ മാക്രോണിനൊപ്പം പ്രധാനമന്ത്രി മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പാരീസിലെ എലിസി കൊട്ടാരത്തില്‍ നടന്ന സ്വകാര്യ അത്താഴവിരുന്നിന് ശേഷമാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുരസ്‌കാരം കൈമാറിയത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി വിദേശ നയങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്രോസ് ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ സമ്മാനിക്കാറുണ്ട്.

ഫ്രാന്‍സിന് സാംസ്‌കാരികമോ സാമ്പത്തികമോ ആയ സേവനങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, മാധ്യമ സ്വാതന്ത്ര്യം, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ളതിനെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് വിദേശികളായ വ്യക്തികളെ ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിക്ക് അര്‍ഹമാക്കുന്ന മറ്റു മാനദണ്ഡങ്ങള്‍.  ബഹുമതിക്ക് ഇന്ത്യന്‍ ജനതയുടെ പേരില്‍ മാക്രോണിന് നരേന്ദ്രമോദി നന്ദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം, പ്രധാനമന്ത്രി മോദി ഫ്രാന്‍സിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ഫ്രാന്‍സില്‍ യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ വികസന മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫ്രാന്‍സിലെ മാര്‍സെലിയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

യൂറോപ്യന്‍ രാജ്യത്ത് മാസ്റ്റേഴ്‌സ് ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്ത് നിരവധി തവണ വന്നിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ അത് പ്രത്യേകമാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button