കോഴിക്കോട്: നഗരത്തിൽ തിരക്കുള്ള ഭാഗങ്ങളിൽ കറങ്ങി വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. അത്തോളി കൊങ്ങന്നൂർ തൃപ്തി ഹൗസിൽ പി.ടി. ലിപിനെയാണ് (26) അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജൂൺ 26-ന് ആണ് കേസിനാസ്പദമായ സംഭവം. എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെന്ററിന് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയ മേപ്പയൂർ സ്വദേശിയായ യുവതിയുടെ സ്കൂട്ടർ ഇയാൾ മോഷ്ടിച്ചിരുന്നു. ഈ കേസിൽ അന്വേഷണം നടത്തിവരവെയാണ് ഇയാൾ പിടിയിലായത്. എലത്തൂർ പുതിയ നിരത്തിൽ ബന്ധുവീട്ടിൽ ഇയാൾ വരാറുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെ എത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ കീഴ്പ്പെടുത്തുകയായിരുന്നു.
മോഷ്ടിച്ച സ്കൂട്ടറും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മുമ്പ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ ബിനുമോഹൻ, ലീല. എൻ, ബാബു പുതുശ്ശേരി, അസി. സബ് ഇൻസ്പെക്ടർ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സജീവൻ, റിജേഷ്, അബ്ദുൽ സമദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments