കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ യാത്രയ്ക്ക് അകമ്പടി പോയ പൊലീസ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. മന്ത്രിയുടെ വാഹനം അടൂർ ഭാഗത്തുനിന്ന് വരുമ്പോൾ തെറ്റായ രീതിയിലാണ് പുലമൺ ജംക്ഷൻ കടന്നുപോകാൻ ശ്രമിച്ചത്. പൊലീസ് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ ഇന്നലെ പറഞ്ഞിരുന്നു.
കോട്ടയത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു മന്ത്രിയുടെ വാഹനം. കൊട്ടാരക്കര ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗിയുമായി പോകുന്ന ആംബുലൻസുമായി വാഹനം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പൈലറ്റ് വാഹനം വേഗതയിൽ വന്നതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും എതിര്‍ദിശയില്‍വന്ന ബൈക്കിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മന്ത്രിയുടെ വാഹനം യാത്ര തുടർന്നു. എന്നാൽ മന്ത്രി അപകടമുണ്ടായിട്ടും വണ്ടി നിർത്താതെ പോയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം. മന്ത്രിയുടെ വാഹനം മുന്നോട്ടെടുത്ത് മന്ത്രി വിവരങ്ങൾ അന്വേഷിച്ച് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് യാത്ര തുടർന്നത്.
Post Your Comments