ആറന്മുള: കാറുകൾ വാടകയ്ക്ക് എടുത്ത് കൊണ്ടുപോയി പണയം വെച്ച് ആളുകളെ വഞ്ചിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ചിത്തിരം (50) ആണ് അറസ്റ്റിലായത്. ആറന്മുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റും എന്ന പേരിൽ വാഹനങ്ങൾ നാരങ്ങാനം സ്വദേശിയായ ജ്യോതിഷ് എന്നയാൾ വാടകയ്ക്ക് എടുക്കുകയും ഇത് എരുമേലി സ്വദേശിയായ ഷമീറും ചേർന്ന് ഇയാൾക്ക് കൈമാറുകയായിരുന്നു. തുടർന്ന്, ഇയാളെ തിരഞ്ഞ് തമിഴ്നാട്ടിലും മറ്റും അന്വേഷണം നടത്തി വരവേ, ഇയാൾ കേരളത്തിലേക്ക് വരുന്നതായി വിവരം കിട്ടി തെൻമല ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.
ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബലാനോ, വാഗണർ, സ്വിഫ്റ്റ്, സെലേറിയോ ഇനത്തിൽ പെട്ടതും ഈ സംഘം കടത്തിക്കൊണ്ടു പോയ അഞ്ച് കാറുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കും.
Post Your Comments