Latest NewsKeralaNews

അഞ്ചുതെങ്ങില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നാലു വയസ്സുകാരിയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജൻ – സരിത ദമ്പതികളുടെ മകളായ റോസ്ലിയയെ തെരുവുനായ ആക്രമിച്ചിരുന്നു.

കഴുത്തിലും കണ്ണിലും ചുണ്ടിലും ഗുരുതരമായി പരിക്കുപറ്റിയ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്ക് ശേഷം ചത്തു. യാതൊരു പരിശോധനയ്ക്കും വിധേയമാക്കാതെ നായയെ കുഴിച്ചു മൂടുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്റിനറി സർജൻ എസ്. ജസ്നയുടെ മേൽനോട്ടത്തിൽ പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇതിന്റെ പരിശോധന വിവരം പുറത്തുവന്നപ്പോഴാണ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്. കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്സിനേഷൻ നൽകിയതായി അഞ്ചുതെങ്ങ് സിഎച്ച്സിയിലെ മെഡിക്കൽ ഓഫീസർ അനിൽകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button