KeralaLatest News

എന്റെ പ്രാണനാണ് പോയതെന്ന് വിതുമ്പിയ കൊലയാളി: പിടികൂടിയത് 17 വർഷത്തിന് ശേഷം, കുടുക്കിയത് അമിത ആത്മവിശ്വാസം

തിരുവല്ല:  പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി രമാദേവിയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊലീസും ഒരുപോലെ ഞെട്ടലിലാണ്. പുല്ലാട് ഗ്രാമത്തെ ഒന്നടങ്കം നടുക്കിയ രമാദേവിയുടെ കൊലപാതകം നടന്ന് വർഷങ്ങൾ കഴിയുകയും ജനം മറക്കുകയും ചെയ്തപ്പോൾ കേസില്‍ പുതിയ ട്വിസ്റ്റ് ആണ് ഉണ്ടായത്. രമാദേവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 17 വർഷം നീണ്ടു നിന്ന ദുരൂഹതയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. നീണ്ട നാളുകളായുള്ള അന്വേഷണത്തിലൂടെയാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഒടുവിൽ സത്യം വെളിവായത്.

2006 മേയ് 26-ന് വൈകീട്ട് ആറുമണിയോടെയാണ് പുല്ലാട് വടക്കേകവല വടക്കേച്ചട്ടക്കുളത്ത് രമാദേവി(50)യെ വീടിനുള്ളിൽ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. കേസിൽ ആറന്മുള കച്ചേരിപ്പടി ശ്രീമംഗലം വീട്ടിൽ സി.ആർ. ജനാർദ്ദനൻ നായർ (75) അറസ്റ്റിലായി. ഇദ്ദേഹം മുൻ പോസ്റ്റ്മാസ്റ്ററാണ്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുമ്പോഴും ഇതിന് കൃത്യമായ തെളിവുകൾ ഇനിയും കണ്ടെത്തേണ്ടതുണ്ട്. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായ ജനാർദ്ദനൻ നായരും ഭാര്യ രമാദേവിയും രണ്ട് മക്കളുമായിരുന്നു ഇവിടെ താമസം. മക്കൾ ജോലിയും വിവാഹവും ഒക്കെയായി പോയപ്പോൾ പിന്നീട് ഇവർ രണ്ടുപേരും തനിച്ചായി. ഇതിനിടയിൽ ഉണ്ടായ സംഭവങ്ങളാണ് വാക്കത്തി ഉപയോഗിച്ചുള്ള വെട്ടിക്കൊലയിൽ ചെന്നെത്തിയതെന്ന് പറയുന്നു.

പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കാട്ടി ഹൈക്കോടതിയിൽ പോയതും ജനാർദ്ദനൻ നായർ തന്നെയാണ്. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു എന്നാണ് നാട്ടുകാർ കരുതുന്നത്. രമാദേവിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ ജനാർദ്ദനൻ നായർ വേണ്ടത്ര താത്പര്യം കാട്ടിയിരുന്നില്ല. തുടർന്ന് നാട്ടുകാർ ഇപ്പോഴത്തെ പഞ്ചായത്തംഗം പി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയായിരുന്നു.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി സ്ഥലം സന്ദർശിച്ചപ്പോൾ കേസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നിവേദനം നൽകി. പൊലീസ് സ്റ്റേഷൻ ധർണ അടക്കമുള്ള സമരപരിപാടികൾക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജനാർദ്ദനൻ നായർ തൻ്റെ നിലപാട് മാറ്റിയതെന്നാണ് വിവരം.

ലോക്കൽ പൊലീസിൻ്റെ അന്വേഷണം കാര്യക്ഷമമല്ല എന്നും പറഞ്ഞ് തുടർന്ന് ജനാർദ്ദനൻ നായർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൻ്റെ പ്രാണനായ ഭാര്യയാണ് മരിച്ചതെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകുകയുള്ളു എന്നും ജനാർദ്ദനൻ നായർ അന്നു പറഞ്ഞിരുന്നു. താൻ ഇനിയൊരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസവും ജനാർദ്ദനൻ നായർക്കുണ്ടായിരുന്നു. അതുതന്നെയാണ് ഹെെക്കോടതിയിൽ പോകാൻ ജനാർദ്ദനൻ നായരെ പ്രേരിപ്പിച്ചതും.

എന്നാൽ ഹെെക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ഇതോടെ വളരെ വേഗത്തിൽ അന്വേഷണം മുന്നോട്ടു പോയി. കേസിൽ പ്രതിയെന്നു സംശയിക്കുന്ന തമിഴ്നാട്ടുകാരനായ ചുടല മുത്തുവിനെയാണ് ക്രെെംബ്രാഞ്ച് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ ഇതിനിടയിൽ മറ്റൊരു കാര്യം സംഭവിച്ചു. ചുടലമുത്തുവാണ് പ്രതി എന്നുള്ള രീതിയിൽ അന്വേഷണം മുന്നോട്ടു പോയപ്പോൾ ആക്ഷൻ കൗൺസിൽ നിർവീര്യമായി മാറുകയായിരുന്നു. ഇതുതന്നെയാണ് ജനാർദ്ദനൻ നായരും ലക്ഷ്യമിട്ടത്. പക്ഷേ അപ്പോഴേക്കും ക്രെെംബ്രാഞ്ച് അന്വേഷണം ത്വരിതഗതിയിലേക്ക് കടന്നിരുന്നു. ചുടലമുത്തുവിനെ തേടി പൊലീസ് ബംഗളൂരു വരെ എത്തുകയും ചെയ്തു.

ചുടലമുത്തുവിനെ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും അയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായതും. ചുടലമുത്തുവിനോ തനിക്കോ കൃത്യത്തിൽ പങ്കില്ലെന്ന് അവർ ക്രെെംബ്രാഞ്ചിനോട് വ്യക്തമാക്കി. തുടർന്നു നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പൊലീസിൻ്റെ വലയിലാകുന്നതും. എന്നാൽ, ഇതിനായി നടത്തിയ ശാസ്ത്രീയ തെളിവുകളെ കുറിച്ച് ക്രൈം ബ്രാഞ്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.

തെളിവുകൾ മിക്കതും ജനാർദ്ദനൻ നായർക്ക് എതിരാണെന്ന് മാത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം. സംഭവം നടക്കുമ്പോൾ ജനാർദ്ദനൻ നായർ ചെങ്ങന്നൂർ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത് എന്നായിരുന്നു മൊഴി. ക്രൈംബ്രാഞ്ചിൻ്റെ വിവിധ യൂണിറ്റുകൾ ഇക്കാലത്തിനിടയിൽ കേസ് അന്വേഷിച്ചു. 2019-ൽ അന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട യൂണിറ്റാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നത്.

കേസന്വേഷണ ഘട്ടത്തിൽ ഇദ്ദേഹം വീട്ടിൽ തന്നെ താമസിച്ചു. പിന്നീട് പുതുതായി വീട് വെച്ച് ആറന്മുളയിൽ ഒറ്റയ്ക്കായിരുന്നു താമസിച്ച് വന്നിരുന്നത്. ഇവിടെനിന്ന് ക്രൈം ബ്രാഞ്ച് തിരുവല്ല ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർ വിൽസൺ ജോയ്, എ.എസ്.ഐ. ഷാനവാസ്, ഷിബു, നൗഷാദ്, അനുരാഗ് മുരളീധരൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button