പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രൊഫസർ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ചുപേരെ വെറുതെവിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നാണ് കൊച്ചി പ്രത്യേക എൻഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടിയത്. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.
കൊച്ചി പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ കെ.ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. എന്നാൽ, കൈവെട്ട് കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും കാണാമറയത്താണെന്ന് പ്രൊഫ. ടി ജെ ജോസഫ്. തന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണയുടെ വിധി വന്നതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന പ്രതികളും തന്നെ പോലെ ഇരകളാണ്. അവര്‍ ആയുധങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാകൃതമായ ഗോത്ര വര്‍ഗ വിശ്വാസമാണ് തനിക്ക് നേരെ ഇത്തരത്തിലുള്ള ഒരു ആക്രണമുണ്ടാകാന്‍ കാരണം. ഉന്‍മൂലനം ചെയ്യേണ്ടത് അത്തരം വിശ്വാസങ്ങളെയാണ്. എന്നാല്‍ തന്നെ ആക്രമിച്ച കേസിലെ പ്രതികളും ആ വിശ്വാസത്തിന്റെ ഇരകളാണ് എന്നതാണ് സത്യം. പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് ഇരക്ക് നീതി ലഭിക്കുന്നു എന്നര്‍ത്ഥമില്ലന്നും പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു.
Post Your Comments