പരപ്പനങ്ങാടി: ചില്ലറ വിൽപനക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 43കാരൻ അറസ്റ്റിൽ. കോഴിച്ചെന തെന്നല സ്വദേശി കെ.വി. അനിൽകുമാറിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാര്യാട് പാലത്തിന്റെ സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച സ്വകാര്യ രജിസ്ട്രേഷൻ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. രാമനാട്ടുകര കൂട്ടുമൂച്ചി എന്നീ ബിവറേജസുകളിൽ നിന്ന് വാങ്ങുന്ന മദ്യം 200 രൂപവരെ കൂടുതൽ വാങ്ങിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി.വൈ.എസ്.പി വി.വി. ബെന്നിയുടെ മേൽനോട്ടത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം സബ് ഇൻസ്പെക്ടർ ആർ. യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, വിബീഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്.
Post Your Comments