കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. കൂടാതെ, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ അംഗനവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയത്. അതേസമയം, ആലപ്പുഴ ജില്ലയിലെ മറ്റിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Also Read: മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു
Post Your Comments