പട്ന: ബിഹാറിൽ യുവതിയെ അടിച്ചുകൊന്നശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത് മൃതദേഹം വയലിൽ ഉപേക്ഷിച്ചു. ബിഹാറിലെ മെഹന്ദിപുർ സ്വദേശിനിയായ 45-കാരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ അയൽക്കാരായ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു.
ശനിയാഴ്ചയാണ് യുവതിയുടെ മൃതദേഹം വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അയൽക്കാരുമായുള്ള വസ്തുതർക്കമാണ് ദാരുണ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം.
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അയൽക്കാരായ നാലു പേർ യുവതിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. യുവതി മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതികൾ കത്തി കൊണ്ട് യുവതിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. നാവ് മുറിച്ചെടുക്കുകയും സ്വകാര്യഭാഗങ്ങളിൽ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ഇതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാനായി വിവിധസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Post Your Comments