ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. 309 തൊഴിൽ ദിനങ്ങളിലായി 96,099 രൂപയാണ് നഷ്ടമായിരിക്കുന്നത്. അഗസ്ത്യാ വന മേഖലയിൽ ഉൾപ്പെടുന്ന കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ ചെറുമാങ്കൽ, എറുമ്പിയാട്, ആയിരംകാൽ, ആമല, പട്ടാണിപ്പാറ, ആമോട്, കമലകം സെറ്റിൽമെന്റുകളിലുള്ള ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കൂലി നഷ്ടമായത്.
തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായവർ ഹാജർ മസ്റ്റർ റോളിൽ ഒപ്പ് രേഖപ്പെടുത്തുന്നതിന് പുറമേ, ഇവരുടെ ഗ്രൂപ്പ് ഫോട്ടോ, ഹാജർ എന്നിവ സോഫ്റ്റ്‌വെയറിൽ രാവിലെയും വൈകിട്ടും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനായി മെച്ചപ്പെട്ട മൊബൈൽ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്. എന്നാൽ, വനമേഖലയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് യഥാക്രമം വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതെ പോയതാണ് വൻ തുക നഷ്ടമാകാൻ കാരണം. അതേസമയം, ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാത്തവർക്ക് 30 ദിവസത്തിനുള്ളിൽ രേഖപ്പെടുത്താനുള്ള സൗകര്യവും സംസ്ഥാന തൊഴിലുറപ്പ് മിഷൻ നൽകാറുണ്ട്. ഉൾപ്രദേശമായതിനാൽ ഈ വിവരങ്ങളും തൊഴിലാളികൾ അറിഞ്ഞിരുന്നില്ല.
Also Read: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് തൊഴിലാളികളെ കാണാതായി
Post Your Comments