തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനം. പാണക്കാട് ചേർന്ന നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ മുസ്ലിം ലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. കോൺഗ്രസിനാണ് ഈ പോരാട്ടത്തിൽ പ്രധാനമായും പങ്ക് വഹിക്കാൻ സാധിക്കുക. യുഡിഎഫിന്റെ മറ്റ് ഘടക കക്ഷികളെയൊന്നും ക്ഷണിക്കാത്ത യോഗത്തിലേക്ക് പോകേണ്ടതില്ലെന്നാണ് മുസ്ലിം ലീഗിന്റെ തീരുമാനമെന്ന് യോഗത്തിന് ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കോൺഗ്രസിനെ മാറ്റിനിർത്തി ഏക സിവിൽ കോഡിനെതിരെ ഒരടി മുന്നോട്ട് വെക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ തുടക്കം മുതലേ യോജിച്ചുള്ള നീക്കത്തിനാണ് മുസ്ലിം ലീഗ് നേതൃത്വം നൽകിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടനക്കെതിരായ ഈ നീക്കത്തെ പരാജയപ്പെടുത്താൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മോഡൽ സെമിനാർ സംഘടിപ്പിക്കും. എല്ലാ സംഘടനകളെയും ഈ സെമിനാറിലേക്ക് ക്ഷണിക്കും. ഭിന്നിപ്പിന്റെ സെമിനാറുകളല്ല, യോജിപ്പിന്റെ സെമിനാറുകളാണ് വേണ്ടത്. അത് ബിജെപിയെ സഹായിക്കലാണ്. ഡൽഹിയിൽ ഒന്നിക്കാനുള്ള യോജിപ്പിക്കൽ സെമിനാറുകളാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments