KeralaLatest NewsNews

അന്ധവിശ്വാസത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കരട് ബില്‍ പിന്‍വലിച്ചു

ആചാരങ്ങളും അന്ധവിശ്വാസങ്ങളും വേര്‍തിരിക്കാനാകുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ കരട് പിന്‍വലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മില്‍ വേര്‍തിരിക്കാനാകാതെ വന്നതോടെയാണ് നടപടി. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബില്‍ പിന്‍വലിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം കുറ്റമറ്റ രീതിയില്‍ പുതിയ ബില്‍ കൊണ്ടുവരാനാണ് നീക്കം.

Read Also: ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവം: കേസിലെ പ്രതിയെ വിട്ടയയ്ക്കണമെന്ന് ഇര

കഴിഞ്ഞവര്‍ഷം കേരളം കണ്ട ഏറ്റവും പൈശാചികവും  ക്രൂരവുമായ ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓര്‍ഡിനന്‍സായി കൊണ്ടുവന്നത്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ കരട്ബില്‍ തയാറാക്കി സര്‍ക്കാരിന് നല്‍കിയിരുന്നു. ആഭിചാരങ്ങളും ദുര്‍മന്ത്രവാദവും തടയലും ഇല്ലാതാക്കലും എന്നതാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ബില്‍.

കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50,000 രൂപവരെ പിഴയുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം പാസാക്കിയിട്ടുണ്ട്.

മതപരമായ ആചാരങ്ങളെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയെങ്കിലും പ്രായോഗികമായി നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന് തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടു. പല മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായതിനാല്‍ അവ വ്യാഖ്യാനിച്ച് നിയമത്തിന്റെ പരിധിയില്‍ നിര്‍വചിക്കുന്നതിനുള്ള പ്രയാസം നിയമ വകുപ്പും ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ച വേണമെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

മൃഗബലി, ശരീരത്തില്‍ പീഡനമേല്‍പ്പിക്കുകയും മുറിവുണ്ടാക്കുകയും ചെയ്യുക, ഭൂതപ്രേത ആവാഹനം, നിധി കണ്ടെത്തുന്നതിനുള്ള മന്ത്രവാദം, ആഭിചാര ക്രിയകള്‍, കൂടോത്രം തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ കരട് നിയമത്തില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവയില്‍ പലതിനോടും ചേര്‍ന്ന് നില്‍ക്കുന്ന ആചാരങ്ങള്‍ പല മതങ്ങളിലുമുണ്ട്. മതാചാരങ്ങളെ ഒഴിവാക്കിയുള്ള നിയമനിര്‍മ്മാണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button