മഴക്കാലം എത്തിയതോടെ തോടും വയലും കരകവിഞ്ഞൊഴുകുന്നത് പതിവാണ്. ഈ സമയത്ത് ഒട്ടനവധി മീൻപിടിത്തക്കാരാണ് വലയും ചൂണ്ടയുമായി എത്താറുള്ളത്. ഇക്കാലയളവിൽ തെക്കൻ മേഖലയിൽ എല്ലാം ഊത്ത മീൻപിടിത്തം വളരെ വ്യാപകമാണ്. കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് മീനുകൾ കൂട്ടത്തോടെ തോടുകളിലേക്ക് എത്താറുള്ളത്. ഇവയെ പിടിക്കാനായി മാത്രം ചൂണ്ടയും വലയും എടുത്ത് പാടത്തെക്കിറങ്ങുന്നവർ നിരവധിയാണ്. എന്നാൽ, ഇനി മുതൽ പാടത്തും തോട്ടിലും ഇറങ്ങി മീൻ പിടിച്ചാൽ അകത്ത് കിടക്കേണ്ടിവരും. പ്രജനനകാലത്തുള്ള ഊത്ത മീൻപിടിത്തം നിരോധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. ആറ് മാസം വരെ തടവും പതിനഞ്ചായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.
പ്രജനനകാലത്ത് മീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് നാടൻ മത്സ്യ സമ്പത്തിന്റെ നാശത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ വയറു നിറയെ മുട്ട ഉള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയാറില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ ഉള്ള പ്രധാന കാരണം. ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഇത്തരത്തിൽ ഊത്ത മീൻപിടിത്തം വ്യാപകമായതോടെ ഏകദേശം 60 ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും, 19 ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്. മറ്റു ജലാശയങ്ങളിൽ നിന്നും വയലുകളിലും തോടുകളിലും എത്തുന്ന മീനുകളെ പിടിക്കുന്നിനെയാണ് ഊത്ത മീൻപിടിത്തം എന്ന് വിശേഷിപ്പിക്കുന്നത്.
Also Read: ഡ്രഗ് കേസിൽ മുടിയനെ ജയിലിലാക്കി: ഉപ്പും മുളകും സംവിധായകനെതിരെ ആരോപണവുമായി പൊട്ടിക്കരഞ്ഞ് ഋഷി
Post Your Comments