ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് മറികടക്കാൻ ചില ഹ്രസ്വദൂര വന്ദേഭാരത് സർവീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നീക്കം. ഇൻഡോർ-ഭോപ്പാൽ, ഭോപ്പാൽ-ജബൽപുർ, നാഗ്പുർ-ബിലാസ്പുർ തുടങ്ങിയ ചില റൂട്ടുകളിൽ യാത്രക്കാർ കുറവാണെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതൽ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം.
അതേസമയം, ചുരുക്കം ചില റൂട്ടുകളൊഴികെ വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകൾ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും റെയിൽവേ വ്യക്തമാക്കുന്നു. കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
ജൂണിലെ കണക്കുകൾ പ്രകാരം ഭോപ്പാൽ-ഇൻഡോർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിൽ 29 ശതമാനം യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ. തിരിച്ചുള്ള സർവീസിൽ യത്രാക്കാരുടെ എണ്ണം 21 ശതമാനവും. ഭോപ്പാലിൽ നിന്ന് ഇൻഡോറിലേക്കുള്ള വന്ദേഭാരത് യാത്രയ്ക്ക് എസി ചെയർ കാറിന് 950 രൂപയാണ് നിലവിൽ ഈടാക്കുന്നത്. എക്സിക്യുട്ടീവ് ചെയർ കാറിൽ 1525 രൂപയാണ് ടിക്കറ്റ് നിരക്ക്.
നാഗ്പുർ-ബിലാസ്പുർ റൂട്ടിൽ ടിക്കറ്റ് നിരക്ക് ചെയർ കാറിൽ 1075 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2045 രൂപയുമാണ്. ഭോപ്പാൽ-ജബൽപുർ റൂട്ടിൽ യാഥക്രമം 1055 ഉം 1880 രൂപയുമാണ് നിരക്ക്. പകുതിയിലേറെ സീറ്റുകളും കാലിയായിട്ടാണ് ഈ റൂട്ടുകളിലൊക്കെ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള നീക്കം നടത്തുന്നത്.
Post Your Comments