
വൈക്കം: ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ ജന്മദിനമായ ജൂലൈ നാലിന് തന്നെ കേസില്‍ വിധിയറിയാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അഞ്ജുവിന്റെ കുടുംബം. കെറ്ററിങ്ങിൽ 2022 ഡിസംബർ 15ന് രാത്രിയിലാണ് അഞ്ജുവിനെയും ആറും നാലും വയസ്സുള്ള മക്കളെയും ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലേവാലിൽ സാജു(52) കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഏഴു മാസങ്ങൾക്കുശേഷം പെതർട്ടൺ കോടതി സാജുവിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 40 വർഷമാണ് തടവ്.
വിധി അടുത്തദിവസംതന്നെ വരുമെന്ന് കെറ്ററിങ്ങിലുള്ള മലയാളി അസോസിയേഷൻ അംഗങ്ങളും അഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളും വിളിച്ചറിയിച്ചിരുന്നു. ആ രാജ്യത്തെ വലിയ ശിക്ഷയാണ് സാജുവിന് ലഭിച്ചത്. വിധിയിൽ സംതൃപ്തിയുണ്ടെന്ന് അഞ്ജുവിന്റെ അച്ഛൻ വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകനും കുടുംബവും വ്യക്തമാക്കി.
വീട് പണിയണമെന്നായിരുന്നു മകളുടെ ആഗ്രഹം. അവൾക്ക് ലഭിക്കുന്ന ഇൻഷുറൻസ് തുക കൊണ്ട് വീട് പണിയും. വീട്ടിലെ ഒരു മുറി മകൾക്കും കൊച്ചുമക്കൾക്കുമായി മാറ്റി വെക്കും. മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചപ്പോൾ ഒരു ബാഗ് നിറയെ കുഞ്ഞുങ്ങളുടെയും മകളുടെയും സാധനങ്ങൾ കൊണ്ടുവന്നിരുന്നു. ഈ പെട്ടി കഴിഞ്ഞ ദിവസമാണ് തുറന്നത്. കളിപ്പാട്ടങ്ങളും ഫോട്ടോയും ബുക്കുകളും കുടകളുമാണ് അതിലുണ്ടായിരുന്നത്. അതൊക്കെ ആ മുറിയിൽ സൂക്ഷിക്കുമെന്ന് അശോകൻ പറഞ്ഞു. വിധി കേൾക്കാൻ അഞ്ജുവിന്റെ സുഹൃത്തുക്കളും കോടതിയിൽ പോയിരുന്നു. അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ മദ്യലഹരിയിൽ കൊലനടത്തുകയായിരുന്നുവെന്നാണ് സാജുവിന്റെ മൊഴി.
Post Your Comments