പട്ന: ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്. ബിഹാറിലാണ് സംഭവം. റോഹ്താസ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് ഇവിടെ മരണപ്പെട്ടത്. ജഹനാബാദ്, ബക്സർ, ജമുയി എന്നിവിടങ്ങളിൽ മൂന്ന് പേർ വീതവും ഗയ, ബങ്ക, ഭഗൽപൂർ എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും ഔറംഗബാദ്, കതിഹാർ എന്നിവിടങ്ങളിൽ ഓരോരുത്തരും മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കനത്ത മഴയാണ് ബിഹാറിൽ അനുഭവപ്പെടുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇടിമിന്നൽ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ തെറ്റാതെ പാലിക്കണമെന്നാണ് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
Read Also: പാലക്കാട് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു: രണ്ട് വിദ്യാർത്ഥികൾക്കും യുവാവിനും പരിക്ക്
Post Your Comments