തിരുവനന്തപുരം: പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ പ്രോസിക്യൂട്ടർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ് കണ്ടെത്തല്‍. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിനും ലീഗൽ സർവ്വീസ് അതോറിറ്റിക്കും റിപ്പോർട്ട് നൽകി. വിജിലൻസ് റിപ്പോർട്ടിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഉടൻ തുടർനടപടി സ്വീകരിക്കും.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പാറശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അതിജീവിതയെ പ്രതിക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പോക്സോ കേസിലെ അതിജീവിത ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. നെയ്യാറ്റിൻകര പോക്സോ കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങി ശേഷമാണ് അട്ടിമറിയുണ്ടായത്.
കോടതിയിൽ മൂന്നു പ്രാവശ്യം മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ലെന്നാണ് അതിജീവിതയുടെ പരാതി. മൂന്നാമത്തെ പ്രവാശ്യം കോടതിയിൽ എത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയണമെന്നാവശ്യവുമായി ഒരു കവറിൽ പണമിട്ട് ഓഫീസിൽ വച്ച് അഭിഭാഷകൻ നൽകിയെന്നും പരാതിയുണ്ട്. പണം സ്വീകരിക്കാതെ പുറത്തിറങ്ങി അമ്മയോടും സഹായത്തിനായി എത്തിയ പൊതുപ്രവർത്തകയോടും കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് പെണ്‍കുട്ടി പരാതിയിൽ ഉന്നയിച്ചതും വിജിലൻസിന് നൽകിയ മൊഴിയും.
Post Your Comments