കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെതിരെ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗത്തിനു ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും വിശാലമായി കണ്ട് പ്രതികരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക ധ്രുവീകരണം പാടില്ലെന്നും എല്ലാവരും ഉത്തരവാദിത്വത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോധവത്കരണത്തിനായി കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളില്‍ യോഗം നടത്താനും മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
‘ഏക വ്യക്തി നിയമത്തെ വിശാലമായ രീതിയില്‍ കണ്ടുകൊണ്ട് ഈ നിയമത്തിനെതിരെ ശക്തമായ പ്രതികരണം എല്ലാവരില്‍ നിന്നും ഉണ്ടാകണം. തെരുവില്‍ ഇറങ്ങി പോരാടി ജയിക്കേണ്ട വിഷയമല്ല. നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ട വിഷയമാണ്. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാവരുത്. ഉത്തരവാദിത്വത്തോടെയാകണം പ്രതികരിക്കേണ്ടത്,’ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Post Your Comments