പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി യുവതി മാലിന്യക്കുഴിയിൽ വീണു. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്‍റെ പിറകുവശത്ത് മുറ്റമടിക്കുന്നതിനിടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് പൊട്ടി 12 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. സ്ലാബിനടിയിൽ കാൽ കുടുങ്ങിയ യുവതി മുട്ടോളം മാലിന്യത്തിലേക്കാണ് വീണത്.
Read Also : സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയില്‍വേ
ഇടതുകാൽ ടാങ്കിന്‍റെ പൊട്ടി വീണ സ്ലാബ് പാളിക്കടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിക്കാതെ വന്നതോടെയാണ് പെരിന്തൽമണ്ണ ഫയർ ഫോഴസ് ടീമിന്‍റെ സഹായം തേടിയത്. മാലിന്യം നിറഞ്ഞ കുഴിയിൽ മുങ്ങിപ്പോകാതിരിക്കാൻ യുവതിയെ കയറിൽ പിടിച്ചുനിർത്തിയാണ് രക്ഷപ്പെടുത്തിയത്.
ഹൈഡ്രോളിക് കട്ടറിന്റെയും സ്‌പ്രെഡറിന്റെയും സഹായത്തോടെ ഒന്നര മണിക്കൂറിലേറെ നീണ്ട ശ്രമകരമായ പരിശ്രമത്തിനൊടുവിലാണ് യുവതിയെ കുഴിയിലെ മാലിന്യത്തിൽ നിന്ന് പൊക്കിയെടുത്തത്. ഇടതുകാലിന് പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ കാലിൽ രണ്ടിടത്ത് എല്ലിന് പൊട്ടലുണ്ട്.
ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ മുഹമ്മദ് ഷിബിൻ, ഫിറോസ് എന്നിവരാണ് കുഴിയിൽ ഇറങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ബൈജു, ഫയർ ആൻഡ് റെസ്‌ക്യു ഓഫീർമാരായ അനീഷ്, സുബ്രഹ്‌മണ്യൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post Your Comments