കൊച്ചി: ചൊവ്വാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കനത്ത മഴയെ തുടർന്നാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മഴയുടെ തീവ്രത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലാതല, താലൂക്ക് തല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു. ഏഴ് ജില്ലകളിൽ ദേശിയ ദുരന്ത പ്രതികരണ സേന സജ്ജമാണ്. ഇടുക്കി, പത്തനംതിട്ട , മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, തൃശൂർ എന്നി ജില്ലകളിലാണ് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയെ സജ്ജമാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: ഫിറ്റ്‌നെസ്സ് ടിപ്‌സ് നല്‍കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം
Post Your Comments