കോട്ടയം: വിദ്വേഷ പ്രചരണ കേസില്‍ ആധികാരികത ഉറപ്പുവരുത്താതെ പാക്കിസ്ഥാൻ സ്വദേശിയുടെ ചിത്രം ഉപയോഗിച്ച് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്ന് വിമര്‍ശനം. കാഞ്ഞിരപ്പളളിയില്‍ ആണ് നോട്ടീസിലുളള ചിത്രം പാകിസ്താന്‍ സ്വദേശിയുടേതാണോ അല്ലയോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാതെ പൊലീസ് വലഞ്ഞത്.
വിദ്വേഷ പ്രചരണമുണ്ടായ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രം ഉപയോഗിച്ച് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന വാദമാണ് പൊലീസ് ഉയര്‍ത്തുന്നത്.
കാഞ്ഞിരപ്പളളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഒരു മാധ്യമ വാര്‍ത്തയ്ക്ക് താഴെ വര്‍ഗീയ ചുവയുളള പോസ്റ്റ് ഇട്ടതിന്‍റെ പേരില്‍ ജൂണ്‍ പതിനൊന്നിനാണ് അബ്ദുല്‍ ജലീല്‍ എന്നയാള്‍ക്കെതിരെ കാഞ്ഞിരപ്പളളി പൊലീസ് കേസെടുത്തത്. പുതുപ്പളളി സ്വദേശിയായ ശ്രീകുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
അബ്ദുള്‍ജലീല്‍ താഴേപ്പാലം എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നാണ് വിവാദ പരാമര്‍ശമുളള പോസ്റ്റ് വന്നത്. ഈ ഐഡിയില്‍ നിന്ന് മലപ്പുറം തിരൂരിലുളള ഒരു മേല്‍വിലാസവും പൊലീസിന് കിട്ടിയിരുന്നു. തിരൂരില്‍ നടത്തിയ അന്വേഷണത്തില്‍ അബ്ദുള്‍ജലീല്‍ താഴേപ്പാലം എന്നയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.
ഇതോടെയാണ് കാഞ്ഞിരപ്പളളി പൊലീസ് അബ്ദുള്‍ ജലീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അബ്ദുള്‍ ജലീല്‍ താഴേപ്പാലം എന്നയാളെ കണ്ടെത്താനായി പൊലീസ് പുറത്തിറക്കിയിരിക്കുന്ന ലുക്ക് ഔട്ട് നോട്ടീസിലുളളത് പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് താരിഖ് മജീദാണെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. പ്രതിയുടെ ഫോട്ടോയുടെ ആധികാരികത ഉറപ്പാക്കാതെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതെന്നാണ് വിമര്‍ശനം.
Post Your Comments