കൊല്ലം: നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ മടത്തറ മേഖല കമ്മറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാൻ (21) ആണ് തുടർപഠനത്തിനായി മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടിയതിനെ തുടർന്ന് അറസ്റ്റിലായത്. മടത്തറയിലെ എസ്എഫ്ഐയുടെ മുൻ നേതാവ് കൂടിയാണ് സെമിഖാൻ.
2021-22ലെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ തുടർപഠന യോഗ്യതക്കായി സ്കോർഷീറ്റിൽ മാർക്കും കൂടുതൽ റാങ്കും നേടിയതായി കൃത്രിമരേഖ തയ്യാറാക്കുകയായിരുന്നു. 468 മാർക്ക് ഉണ്ടെന്നും തുടർ പഠനത്തിന് അഡ്മിഷൻ കിട്ടുന്നില്ലെന്നും കാണിച്ച് സെമിഖാൻ ഹൈക്കോടതിയിൽ കേസ് നൽകി.
തുടർന്ന്, കോടതി നാഷനൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും സംഭവത്തിൽ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു. ഇതേതുടർന്ന്, പൊലീസ് സൈബർ സെൽ വിഭാഗവും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിൽ സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Post Your Comments