Latest NewsKeralaNews

ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ അല്ല

ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? നിയമത്തിന്റെ പരിധിയില്‍ വരുന്നത് വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയാണ്, ആദ്യം ഇത് എന്താണെന്നറിഞ്ഞിട്ട് മാത്രം എതിര്‍ക്കുക, ഒരിക്കലും ഒരു സമുദായത്തിന് എതിരെയുള്ളത് അല്ല: അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സഖാവ് ഇ.എം.എസ് ഏക സിവില്‍ കോഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയന്‍ വിസ്മരിക്കരുതെന്ന് അബ്ദുള്ളക്കുട്ടി ഓര്‍മ്മപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.

Read Also: വീ​ട്ടി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ യും ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ കേ​സ് : ഒരാൾ കൂടി പിടിയിൽ

സിപിഐയും സിപിഎമ്മും യുസിസി എതിര്‍ക്കുന്നതില്‍ ആണ് അത്ഭുതം! കാരണം പഴയ പാര്‍ട്ടി രേഖകള്‍ പരിശോധിച്ചാല്‍ മനസിലാവുന്നത് സി.പി.എമ്മും സി.പി.ഐയും ഏകീകൃത സിവില്‍ കോഡിന് അനുകൂലമായിരുന്നു എന്നാണ്. സഖാവ് ഇ.എം.എസ് ഏകീകൃത സിവില്‍ കോഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയന്‍ വിസ്മരിക്കരുത്. പിണറായി ഒരൊറ്റ ഉദ്ദേശ്യം വച്ചുകൊണ്ടാണ് യു.സി.സിയെ എതിര്‍ക്കുന്നത്. അത് മരുമകന്‍ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കുന്നതിനാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റി. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയായിരുന്നു. അവര്‍ ഒരു കരട് റിപ്പോര്‍ട്ട് രാജ്യത്തിനു മുമ്പില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. വിവാഹം, സ്വത്തവകാശം, ദത്തെടുക്കല്‍, തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ കണ്ടപ്പോള്‍ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ വീട്ടിലും, നാട്ടിലും ഇന്ന് എല്ലാ മതജാതി വിഭാഗത്തില്‍പ്പെട്ടവരും പ്രായോഗിക ജീവിതത്തില്‍ പ്രാക്ടീസ് ചെയ്യുന്ന നിയമങ്ങള്‍ തന്നെയാണ് ഈ നിര്‍ദ്ദേശങ്ങളില്‍ കാണുന്നത്. പിന്നെ എന്തിനാണ് ചിലര്‍ മതവികാരം ഇളക്കിവിടുന്ന പ്രചരണങ്ങള്‍ നടത്തുന്നത് ?.’

‘സാമൂഹ്യ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ചില ഉദാഹരണങ്ങള്‍ ഇവിടെ പറയട്ടെ.</pവിവാഹം, ഞങ്ങളുടെ ചുറ്റുവട്ടത്തില്‍ ഒക്കെ എല്ലാ ജനവിഭാഗങ്ങളും ഇപ്പോള്‍ തന്നെ ഏകീകൃത സിവില്‍ നിയമമാണ് പാലിക്കുന്നത്. ഉദാഹരണത്തിന് പള്ളിയില്‍ വെച്ച് നിക്കാഹ് കഴിഞ്ഞാലും അമ്പലത്തിലോ ചര്‍ച്ചിലോ വച്ച് വിവാഹം കഴിഞ്ഞാലും തൊട്ടടുത്ത ദിവസം പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ കോര്‍പ്പറേഷനിലോ ചെന്ന് ദമ്പതികള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അതില്‍ എനിക്ക് തോന്നുന്നത് മുസ്ലിം ദമ്പതികള്‍ ആണ് ആദ്യം പോയി രജിസ്റ്റര്‍ ചെയ്യുന്നത്. ഗള്‍ഫില്‍ പോകാനും വിസയെടുക്കാനും മറ്റും ഇന്ന് വിവാഹ റജിസ്‌ട്രേഷന്‍ രേഖ നിര്‍ബന്ധമാണല്ലൊ?’

‘മറ്റൊന്ന് സ്വത്തവകാശം മുസ്ലിം സമുദായത്തില്‍ പോലും മക്കള്‍ക്ക് തുല്യമായിട്ടാണ് സ്വത്ത് വീതം വെക്കുന്നത്. മതശാസന അനുസരിച്ചല്ല. പെണ്‍കുട്ടികള്‍ക്ക് ആണ്‍മക്കളെക്കാള്‍ കൂടുതല്‍ സ്വത്ത് നല്‍കുന്നതാണ് പൊതുവില്‍ കാണുന്നത്. വിവാഹ മാര്‍ക്കറ്റില്‍ നല്ല പുതിയാപ്ലയെ കിട്ടാന്‍ പലപ്പോഴും രക്ഷിതാക്കള്‍ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. മതം അനുശാസിക്കുന്നത് പോലെ മക്കള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കിയ (ആണിന് 2 വിഹിതം, പെണ്ണിന് 1 വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തില്‍ കാണിച്ചു തരാന്‍ കഴിയുമോ? UCC യെ എതിര്‍ക്കുന്ന ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് പെണ്‍മക്കള്‍ക്ക് ശരീഅത്ത് പ്രകാരം സ്വത്ത് നല്‍കിയ രേഖ പ്രസിദ്ധപെടുത്താമോ?’

‘ദത്തെടുക്കല്‍ പോലുളളതൊന്നും വലിയ തര്‍ക്ക വിഷയമായി തോന്നുന്നില്ല. പിന്നെ പ്രധാനപ്പെട്ട ഒരു വിഷയം വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ്. വിവാഹ മോചനത്തില്‍ മതം അനുശാസിക്കുന്ന പുരുഷ മേധാവിത്വപരമായ മൊഴിചൊല്ലലൊന്നും ഇനി ആധുനിക കാലത്ത് നടക്കില്ല. മുത്തലാഖ് നമ്മെക്കാള്‍ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങള്‍ നിരോധിച്ചതാണെന്ന് കൂടി നാം ഓര്‍ക്കുക. മറ്റൊരു വിഷയം UCC ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. നെഞ്ചത്ത് കൈവച്ച് ഇന്ത്യയിലെ മതനേതാക്കള്‍ പറയു. ഇത് നിരോധിക്കേണ്ടതല്ലെ? നിങ്ങളുടെ മക്കളെ മുന്നില്‍ വെച്ച് ബഹുഭാര്യത്വം നിലനിര്‍ത്തണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? ബഹുഭാര്യത്വത്തെ അനുകൂലിച്ചാല്‍ ഹേ , നേതാക്കളെ മക്കള്‍ നിങ്ങളെ വീട്ടില്‍ നിന്ന് അടിച്ച് ഇറക്കിവിടും’.

‘കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കുക. ഇത് നിരോധികേണ്ടത് തന്നെയാണ്? ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്കന്‍, യൂറോപ്പ് എന്നിവയില്‍ ഏകീകൃത സിവില്‍ കോഡ് നിയമമാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല. മാത്രമല്ല ഇവിടെ കോമണ്‍ ക്രിമിനല്‍ നിയമമാണ് നിലനില്‍ക്കുന്നത്. കട്ടാല്‍ കൈ വെട്ടല്‍ ഇല്ല കൊന്നാല്‍ തല വെട്ടല്‍ ഇല്ല. ഇവിടെ എല്ലാ മതസ്ഥരും അനുസരിക്കുന്നത് പൊതു ഇന്ത്യന്‍ ക്രിമിനല്‍ നിയമമാണ്.സിവില്‍ നിയമത്തില്‍ തന്നെ ഒരു 95 ശതമാനത്തില്‍ അധികം ഒരേ രീതിയാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത്. വിവാഹം സ്വത്തവകാശം തുടങ്ങിയ ചില വിഷയങ്ങള്‍ മാത്രമാണ് ഏകീകരിക്കേണ്ടത്. അക്കാര്യത്തെ കുറിച്ചാണ് പ്രായോഗിക ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ മുകളില്‍ പറഞ്ഞത്. അതുകൊണ്ട് ഏകീകൃത സിവില്‍ കോഡ് എന്ന് പറയുന്നത് ഒരു സംവാദത്തിലൂടെ നമ്മുടെ ഭരണഘടന പിതാമഹന്മാര്‍ ആഗ്രഹിച്ച വിധത്തില്‍ യഥാത്ഥ്യമാക്കാന്‍ രാജ്യം പക്വമായി എന്നാണ് തോന്നുന്നത്. ഇവിടെ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങള്‍!?’

 

‘സിപിഐയും സിപിഎമ്മും യു സി സി എതിര്‍ക്കുന്നതില്‍ ആണ് അത്ഭുതം ! കാരണം അവരുടെ പഴയ പാര്‍ട്ടി രേഖകള്‍ എല്ലാം പരിശോധിച്ചാല്‍ മനസ്സിലാവുന്നത് ഏക സിവില്‍ കോഡിന് അനുകൂലമായിരുന്നു. സഖാവ് ഇ.എം.എസ് ഏകീകൃത സിവില്‍ കോഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയന്‍ വിസ്മരിക്കരുത്. സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പുലബന്ധമില്ലാത്ത പിണറായി വിജയനോട് Ems നെ കോട്ട് ചെയ്യുന്നത് വൃതാവിലാണെന്നറിയാം’.

‘പിണറായി ഒരൊറ്റ ഉദ്ദേശം വെച്ചുകൊണ്ടാണ് Ucc യെ എതിര്‍ക്കുന്നത്. മരുമകന്‍ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാന്‍ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം. ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാല്‍ താക്കറെ വിഭാഗം പോലെ CPM ഒരു വിഭാഗം UCC അനുകൂലിക്കുന്ന അവസ്ഥവരും പിണറായിയുടെ പ്രീണന രാഷ്ട്രീയത്തിനെതിരെ ഒരു പൊട്ടിത്തെറി പാര്‍ട്ടിയില്‍ അകലെയല്ല. മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കള്‍ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നിലപാടുകള്‍ സ്വീകരിച്ചു മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ, തീര്‍ച്ച’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button