സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 4 വരി ദേശീയപാതയിൽ 100 കിലോമീറ്റർ വരെയും, 6 വരി ദേശീയപാതയിൽ 110 കിലോമീറ്റർ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയിൽ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളിൽ 50 കിലോമീറ്ററും, നഗര റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.
ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് 7 വരി ദേശീയപാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയപാതയിൽ 90 കിലോമീറ്റർ, മറ്റു ദേശീയപാതകളിൽ 85 കിലോമീറ്റർ, 4 വരി സംസ്ഥാനപാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 70 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയുള്ള വേഗതയിൽ സഞ്ചരിക്കാവുന്നതാണ്.
ചരക്ക് വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിലും, 4 വരി ദേശീയപാതയിലും 80 കിലോമീറ്റർ വേഗപരിധിയിലാണ് യാത്ര ചെയ്യാനാകുക. അതേസമയം, 4 വരി സംസ്ഥാനപാതകളിൽ 70 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് നിജപ്പെടുത്തിയ വേഗപരിധി.
Post Your Comments