അടിമാലി: ബംഗളൂരുവിൽ നിന്ന് മൂന്നാർ കാണാനെത്തിയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നി നീങ്ങി. കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു. ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വിദ്യാർഥികളെ കൂടാതെ അധ്യാപകരും ഡ്രൈവറും ക്ലീനറും അടക്കും 50 പേർ ബസിൽ ഉണ്ടായിരുന്നു.
200 അടിയോളം താഴ്ചയുള്ള കൊക്കയ്ക്കരികിൽ തങ്ങിനിന്ന ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങാൻ ശ്രമിച്ചപ്പോൾ വാഹനം വീണ്ടും താഴേക്ക് ചരിഞ്ഞത് പരിഭ്രാന്തി പരത്തി. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ബസ് സമീപത്തെ മരത്തിൽ വടം ഉപയോഗിച്ച് കെട്ടിയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
അടിമാലി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ രഞ്ജിത്ത്, ജോജി ജോൺ, ജോബിൻ ജോസ്, വിയു. രാജേഷ്, ടിയു ഗിരീശൻ, ടി.ആർ. രാകേഷ്, സനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Post Your Comments