തിരുവനന്തപുരം: വൈദ്യുതി സുരക്ഷാ ബോധവൽക്കരണത്തിലൂടെയും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും വൈദ്യുതി വഴി ഉണ്ടാകുന്ന അപകടങ്ങളിൽ ഗണ്യമായ കുറവ് സംസ്ഥാനത്തുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് വൈദ്യുതി സുരക്ഷാ വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളില്ലാതാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തൊഴിലാളികളുൾപ്പെടെ അപകടത്തിൽപെട്ടു മരണമടഞ്ഞ വേദനയുളള അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. കമ്പിവേലികൾ കവചിത കണ്ടക്ടറുകളാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. വൈദ്യുത കമ്പികൾ കവചിതമാക്കുന്ന പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും പതിനായിരം കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സ്‌കൂൾ തലത്തിൽ വൈദ്യുതി സുരക്ഷയെ സംബന്ധിച്ചു നടത്തിയ ഉപന്യാസ മത്സരത്തിലേയും ചിത്രരചന മത്സരത്തിലേയും സംസ്ഥാനതല വിജയികൾക്കുള്ള സമ്മാന വിതരണവും മുൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ എഴുതിയ ”വൈദ്യുതി സുരക്ഷയും ഉപയോഗവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
സുരക്ഷാ ഓഡിറ്റിംഗ് റിപ്പോർട്ട് പ്രകാശനം അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതി ലാൽ നിർവഹിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിനോദ് ജി സ്വാഗതമാശംസിച്ചു. അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലൂരി, ഇ എം സി ഡയറക്ടർ ആർ ഹരികുമാർ , ഫാക്ടറീസ്, ബോയ്ലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ്, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് വകുപ്പ്, ടെക്നിക്കൽ ഡയറക്ടർ എം നൗഷാദ്, ഡപ്യൂട്ടി ഡയറക്ടർ രഞ്ജൻ ശർമ എന്നിവർ സംബന്ധിച്ചു.
Read Also: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിലിന് വ്യാജ രേഖകൾ നിർമ്മിച്ച് നൽകിയ ഓറിയോൺ ഏജൻസി ഉടമ അറസ്റ്റിൽ
Post Your Comments