കോട്ടയം: പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തേടി ഒടുവിൽ ഉടമ എത്തി. ചേർപ്പുങ്കൽ നിവാസിയായ അരുൺ ആണ് ബീഗിളിന്റെ ഉടമസ്ഥൻ. പാലാ സ്റ്റേഷനിലെത്തി അരുൺ തെളിവുകൾ ഹാജരാക്കി. തുടർന്ന് വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ നായക്കുട്ടി അരുണിന്റേതാണെന്ന് പോലീസ് ഉറപ്പുവരുത്തി. പിന്നീട് അദ്ദേഹത്തിന് നായക്കുട്ടിയെ കൈമാറുകയും ചെയ്തു.
നേരത്തെ നായക്കുട്ടിയെ അന്വേഷിച്ച് നിരവധിപേർ സ്റ്റേഷനിൽ വിളിക്കുകയും നേരിട്ട് എത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രം നായക്കുട്ടിയെ കൈമാറാൻ പോലീസ് തീരുമാനിച്ചത്.
ദിവസങ്ങൾക്ക് മുൻപാണ് പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ നായക്കുട്ടിയെ രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് നായക്കുട്ടിയുടെ ഉടമയെ തേടി പാലാ പോലീസ് ചിത്രം സഹിതം അറിയിപ്പ് കൊടുത്തു. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ബീഗിളിനെ കൈമാറാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ബീഗിളിനെ അന്വേഷിച്ച് ഉടമ എത്തിയത്.
Post Your Comments