പുൽപള്ളി: പുൽപള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിൽ പിടിയിൽ. ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷരീഫിന്റെ നേതൃത്വത്തിലാണ് സജീവനെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം മൈസൂരുവിൽ നിന്ന് ബത്തേരിയിലെത്തിയ പ്രതി മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ബത്തേരി പൊലീസ് ഇയാളെ പിടികൂടിയത്. സജീവന്റെ വാഹനത്തെ പിന്തുടർന്ന പൊലീസ് അസംപ്ഷൻ ജങ്ഷന് സമീപം വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബുധനാഴ്ച പ്രതിയെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കും. സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മേയ് 30-ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സജീവൻ ഒളിവിൽ പോയത്. സജീവനായി പുൽപള്ളി പൊലീസ് കർണാടകയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു.
വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് വിജിലൻസ് കേസുകളിൽ പ്രതിയാണ് സജീവൻ. രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പിലും സജീവന്റെ പേരുണ്ട്. വായ്പത്തട്ടിപ്പിനിരയായ പറമ്പേക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെകെ അബ്രഹാം, മുൻ സെക്രട്ടറി കെടി രമാദേവി, ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് പുൽപള്ളി മണ്ഡലം പ്രസിഡന്റുമായ വിഎം പൗലോസ് എന്നിവരെ പുൽപള്ളി പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments