KeralaLatest NewsNews

കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്, ഒരു നല്ല പെരുന്നാൾ സന്ദേശവുമായി കെ ടി ജലീൽ

മാനസികമായും വൈകാരികമായും മാത്രമല്ല… സാമ്പത്തികമായും പിന്തുണ നൽകി.

ബലിപെരുന്നാൾ ആഘോഷിക്കുന്ന കെ ടി ജലീൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ് എന്ന തലക്കെട്ടിൽ കേരളത്തിൻ്റെ IAS (KAS) ലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുബൈർ തൻ്റെ അദ്ധ്യാപകൻ ഡോ: ധർമ്മരാജ് അടാട്ടിനെ കുറിച്ച്‌ പങ്കുവച്ച വാക്കുകളാണ് കെ ടി ജലീൽ പങ്കുവച്ചിരിക്കുന്നത്.

READ ALSO: എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താൻ വെണ്ടക്ക 

കുറിപ്പ് പൂർണ്ണ രൂപം

ഒരു നല്ല പെരുന്നാൾ സന്ദേശം!!!
കേരളത്തിൻ്റെ IAS (KAS) ലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുബൈർ തൻ്റെ അദ്ധ്യാപകൻ ഡോ: ധർമ്മരാജ് അടാട്ടിനെ കുറിച്ച്‌ മുഖപുസ്തകത്തിൽ എഴുതിയ നന്ദി വാക്കുകളാണ് താഴെ. സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയാണ് ഡോ: ധർമ്മരാജ്. അദ്ദേഹത്തിൻ്റെ ധന്യമായ അദ്ധ്യാപക ജീവിതത്തിനുള്ള “നോബൽ” സമ്മാനമാണ് തൻ്റെ വിദ്യാർത്ഥി കുറിച്ചിട്ട വരികൾ.

മനുഷ്യരെ വേറിട്ട് കാണാൻ രാജ്യം ഭരിക്കുന്നവർ പോലും നാട്ടുകാരെ പ്രോൽസാഹിപ്പിക്കുന്ന കെട്ടകാലത്ത് സുബൈറിൻ്റെ വാചകങ്ങൾ ഏറെ പ്രസക്തമാണ്. അതുകൊണ്ടാണ് ഈ പെരുന്നാൾ തലേന്ന് ഞാനതിവിടെ ഈദ് സന്ദേശമായി പങ്കുവെക്കുന്നത്. ഏവർക്കും എൻ്റെ ബലിപെരുന്നാൾ ആശംസകൾ….
——————————————
കല്ലുവെട്ടി നടന്നവനെ കെ.എ.എസിലേക്കെത്തിച്ച മാഷ്
&&&&&&&&&&&&&&&&&&&&&&
എനിക്കിന്ന് സർക്കാർ സേവനത്തിൽ പുനർജൻമം കിട്ടി. 18 മാസം നീണ്ട കെ.എ.എസ് പരിശീലനം പൂർത്തിയാക്കി വീണ്ടും ഗോദയിലേക്ക്…. ഇന്ന് പറയുന്നത് മാഷിനെ കുറിച്ചാണ്. സ്കൂളധ്യാപകനായി തുടങ്ങി സർവ്വകലാശാലാ വി.സി വരെയായ ഞങ്ങടെ സ്വന്തം അടാട്ട് മാഷക്കുറിച്ച് പ്രീ-ഡിഗ്രി അത്ര മോശം ഡിഗ്രിയല്ലാത്ത കാലം. പരീക്ഷയിൽ മിക്കവരും ഇംഗ്ലീഷിന് തോൽക്കുകയാണ് പതിവ്. ഞാനും തോറ്റു.. സപ്തംബറിൽ ഒന്നുകൂടി ഭാഗ്യപരീക്ഷണം നടത്തി. റിസൾട്ട് വരാൻ കുറെ മാസമെടുക്കും… എന്തുചെയ്യും..

നാട്ടിൽ കിട്ടാൻ പണിയൊന്നൂല്ല. തയ്യുളളതിൽ വളപ്പിലെ കല്ലുവെട്ടുകുഴിയുടെ കരയിൽ ചെന്നിരിക്കും. കഥ പറയും. രണ്ട് മൂന്നു ദിവസമാവർത്തിച്ചപ്പോൾ ചന്ദ്രേട്ടൻ പരിഹാസരൂപേണ ചോദിച്ചു. ഒന്ന് കൊത്തി (വെട്ടി) നോക്കുന്നോ? ജാത്യടിസ്ഥാനത്തിൽ തൊഴിലുകൾ വിഭജിക്കപ്പെട്ടിരിക്കുന്ന നാട്ടിൽ മാപ്പിളമാരാരും കല്ലുവെട്ടാനിറങ്ങാറില്ലായിരുന്നു. അത്ര എളുപ്പമുള്ള പണിയല്ല. എങ്കിലും ശ്രമിക്കാം…..വീട്ടിലറിയാതെയും പിന്നെയറിഞ്ഞും കല്ലുകൊത്ത്കാരനായി. പഠനത്തെ മറന്ന് രസകരമായി മുന്നോട്ടു പോവുമ്പോഴാണ് മാർച്ചിൽ റിസൾട്ട് വരുന്നത്. പടച്ചോനേ…കഷ്ടിച്ച് ജയിച്ചു.

ഇനിയെന്ത്? അറിയില്ല. പുതിയ അധ്യയന വർഷം വരെ അങ്ങനെ തുടർന്നു.
‘നമ്പ്രത്ത്കരയിൽ സംസ്കൃത സർവ്വകലാശാല വരുന്നു. പോയ്ക്കൂടെ’ എന്ന് ജ്യേഷ്ഠൻ അസ്റുക്കാ. അഞ്ചാറ് കിലോമീറ്റർ മാത്രം….സൈക്കിളെടുത്ത് പോകാവുന്ന ദൂരം. ചെന്നു…..ഒരു ക്ലിനിക്കിനായി നിർമ്മിച്ച പഴയൊരു കെട്ടിടവും രണ്ട് ഓലഷെഡും. ഒരു കോളേജിൻ്റെയെന്നല്ല ഒരു സ്കൂളിൻ്റെ പോലും പകിട്ടില്ലാത്ത സർവ്വകലാശാലാ കേന്ദ്രം.. ഒട്ടും ആകർഷണീയമല്ലാത്ത ചുറ്റുപാടുകൾ. ആദ്യ കൊല്ലം അധികം പേരൊന്നും ബി.എ കോഴ്സിനപേക്ഷിച്ചില്ല. അതിനാലാവാം എനിക്ക് അഡ്മിഷൻ കിട്ടി.. 13 രൂപ ഫീസടച്ചു…. ഉന്നതപഠനത്തിന് ചേർന്നു. ക്ലാസിൽ പോയി തുടങ്ങുന്ന കാലത്തും കല്ല് വെട്ട് നിർത്തിയിരുന്നില്ല..

ക്ലാസ് മാഷായെത്തി സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങിയത് കനത്ത ശബ്ദവും ഇരുണ്ട നിറവും ചുരുണ്ട മുടിയുമുള്ള ഒരു തൃശൂർക്കാരനായിരുന്നു. പ്രഭാഷകനും എഴുത്തുകാരനും എല്ലാമാണദ്ദേഹം എന്നറിയുന്നത് പിന്നീടാണ്. ‘അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ’ എന്ന് തുടങ്ങുന്ന വിഭക്തി ശ്ലോകം ചൊല്ലിയപ്പോൾ ‘നല്ല ഓർമ്മ ശക്തിയാണല്ലോ…. നന്നായി ചൊല്ലുന്നുമുണ്ട്’ എന്ന് മാഷിൻ്റെ പ്രോത്സാഹനം. അന്നുവരെ ഒരു ടീച്ചറും എന്നിലർപ്പിക്കാത്ത വിശ്വാസം…ഞാനറിയാതെ ആത്മാഭിമാനത്തിൻ്റെ ഓലപ്പടക്കങ്ങൾ എന്നിലേക്കെറിയുകയായിരുന്നു മാഷ്.

പിന്നീട് കലാമത്സരങ്ങൾ, നാഷണൽ സർവ്വീസ് സ്കീം, വിദ്യാർത്ഥി രാഷ്ടീയം തുടങ്ങി എല്ലാ മേഖലയിലും ആത്മവിശ്വാസമെറിയുന്ന ആൾരൂപമായി മാഷ് കൂടെയുണ്ടായിരുന്നു. എൻ്റെ മാത്രമല്ല… ആ ചെറിയ കാമ്പസിൽ പഠിച്ചിരുന്ന ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ആ മനുഷ്യൻ്റെ ചിറകിലേറുന്നുണ്ടായിരുന്നു. മാഷ് ഞങ്ങളെ നഗരങ്ങൾ കാണിച്ചു. ഗ്രാമങ്ങളിൽ ക്യാമ്പുകൾ നടത്തി ജനങ്ങളിലേക്കിറങ്ങാൻ പ്രാപ്തമാക്കി. ഒരു വിദ്യാർത്ഥിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക…. പഠിക്കുക.. പഠിക്കുക എന്നതാണെന്ന് പേർത്തും പേർത്തും ഓർമ്മിപ്പിച്ചു.

മാനസികമായും വൈകാരികമായും മാത്രമല്ല… സാമ്പത്തികമായും പിന്തുണ നൽകി. എല്ലാവരും നന്നായി പഠിച്ചു. അല്ല മാഷ് പഠിപ്പിച്ചു. നാടകം കളിപ്പിച്ചു. പ്രസംഗിപ്പിച്ചു. കൂടെപ്പാടുകയും ആടുകയും ചെയ്തു., ഒന്നുമല്ലാതായിപ്പോവുമായിരുന്ന ഒരുകൂട്ടം ദരിദ്രവിദ്യാർത്ഥികളുടെ മനസ്സിലേക്കും തലച്ചോറിലേക്കും ആത്മവിശ്വാസത്തിൻ്റെ വിത്തുകൾ മുളപൊട്ടാനുതകുന്നതായിരുന്നു മാഷിൻ്റെ ഇടപെടലുകൾ.
മാഷേ…. മാഷിനൽപം ആപത്തു കാലമാണെന്നറിയാം .. എങ്കിലും മാഷ് നട്ടുനനച്ച തൈകളൊന്നും വെറുതെയായിട്ടില്ല. പടർന്നു പന്തലിക്കാൻ അവയ്ക്കെന്തു വേണം…. മാഷ് നൽകിയ ആത്മവിശ്വാസമല്ലാതെ. സ്നേഹം…… ഡോ: ധർമ്മരാജ് അടാട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button