Latest NewsKeralaNews

‘റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി 1500 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗുരുതരം’

ഡൽഹി: റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടിലും കേരളത്തിലും 1500 ഏക്കര്‍ സ്ഥലം വാങ്ങിയെന്ന മാധ്യമ പ്രവർത്തക സന്ധ്യ രവിശങ്കറിന്റെ വെളിപ്പെടുത്തൽ ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും അല്ലെങ്കില്‍ മാധ്യമ പ്രവർത്തകക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

‘മാധ്യമ പ്രവര്‍ത്തക നടത്തിയ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് എതിരെ ആണെങ്കില്‍ എപ്പോഴേ കേസെടുത്ത് അന്വേഷണം നടത്തുമായിരുന്നു. ഭരണം കയ്യിലുണ്ടെന്ന് കരുതി കുറച്ച് പേര്‍ക്ക് മാത്രം നീതി നടപ്പാക്കുകയും മറ്റുള്ളവര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നതാണോ സര്‍ക്കാരിന്റെ രീതി? സ്വപ്‌നയുടെ വെളിപ്പെടുത്തലിനാണോ മോന്‍സന്റെ വെളിപ്പെടുത്തലിനാണോ ശക്തിധരന്റെ വെളിപ്പെടുത്തലിനാണോ സുധാകരന്‍ പുറത്താക്കിയ ഡ്രൈവറുടെ മൊഴിക്കാണോ വിശ്വാസ്യത? കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ ആപ്പോള്‍ തന്നെ കേസെടുക്കും. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളില്‍ സര്‍ക്കാരിനും പൊലീസിനും നിശബ്ദതയാണ്. ഇത് കാട്ടുനീതിയാണ്. ഇത് കേരളമാണെന്നും ജനങ്ങള്‍ ഇതെല്ലാം നോക്കിക്കാണുന്നുണ്ടെന്നും ഓര്‍ക്കണം,’ സതീശൻ വ്യക്തമാക്കി.

2018ല്‍ നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത് ഈ സ്ഥലങ്ങളെ തരം മാറ്റുന്നതിന് വേണ്ടിയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിരുന്നു എന്നും അന്ന് പ്രതിപക്ഷം ഭേദഗതി ബില്‍ കീറിയെറിഞ്ഞിരുന്നു എന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വന്ന അഞ്ച് ഗുരുതര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും രാഷ്ട്രീയ പകപോക്കലിനെ പ്രതിപക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button