KeralaLatest NewsNews

പതിനെട്ടാം വയസില്‍ കൊലപാതകം: ശിക്ഷ വിധിച്ചതോടെ ഒളിവില്‍ പോയി, അച്ചാമ്മ പിടിയിലായത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം

എറണാകുളം: മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി പിടിയില്‍. മാങ്കാംകുഴി അറുന്നൂറ്റിമംഗലം പുത്തന്‍വേലില്‍ മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്. നീണ്ടകാലത്തിന് ശേഷം എറണാകുളത്തു നിന്നും ആണ് ഇവരെ പിടികൂടിയത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു.

പതിനെട്ടാം വയസില്‍ ആണ് ഇവര്‍ അതിദാരുണമായ കൊലപാതകം നടത്തുകയും പിന്നീട് പൊലീസ് വലയില്‍ ആവുകയും ചെയ്തത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ പിന്നാലെയായിരുന്നു അച്ചാമ്മ ഒളിവില്‍ പോയത്. എറണാകുളം ജില്ലയില്‍ പല്ലാരിമംഗലം അടിവാടില്‍ കാടുവെട്ടിവിളെ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു താമസം.

1990 ഫെബ്രുവരി 21നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളര്‍ത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ റെജി അറസ്റ്റിലാകുകയായിരുന്നു. 1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല.

നീണ്ട കാലത്തെ അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്. 1996ല്‍ ഹൈക്കോടതി വിധി വന്നശേഷം ഒളിവില്‍ പോയ റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവില്‍ തമിഴ്‌നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. കുറച്ചുനാള്‍ തക്കലയിലും പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്തുമായിരുന്നു താമസം. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button