Latest NewsKeralaNews

വ്യാജ രേഖ ഉണ്ടാക്കിയത് താന്‍ തന്നെയെന്ന് വിദ്യ

തന്നേക്കാള്‍ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെണ്‍കുട്ടിയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്: വ്യാജന്‍ നിര്‍മ്മിച്ചത് എങ്ങിനെയെന്ന് കേട്ട് കണ്ണുതള്ളി പൊലീസ്

പാലക്കാട്: ഗസ്റ്റ് അദ്ധ്യാപികയാവാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. വ്യാജരേഖ താന്‍ തന്നെയാണ് നിര്‍മ്മിച്ചതെന്നും വിദ്യ പൊലീസിന് മൊഴി നല്‍കി. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ അഭിമുഖത്തില്‍ തന്നേക്കാള്‍ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെണ്‍കുട്ടിയുണ്ടെന്നും അറിഞ്ഞപ്പോഴാണ് ജോലി ലഭിക്കാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്ന് വിദ്യ മൊഴി നല്‍കിയതായി അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല

സ്വന്തം മൊബൈല്‍ ഫോണിലാണ് മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് മൊഴി. മൊബൈലില്‍ എം.എസ് വേര്‍ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റിലേക്കുള്ള ഉള്ളടക്കം തയ്യാറാക്കിയത്. ആസ്പയര്‍ ഫെലോഷിപ്പ് ചെയ്തപ്പോള്‍ മഹാരാജാസ് കോളേജില്‍ നിന്നു തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് കോളേജിന്റെ സീലും ഡെസിഗ്‌നേഷന്‍ സീലും ഒപ്പും സംഘടിപ്പിച്ചത്. ഇത് ക്യാം സ്‌കാനറിലൂടെ സ്‌കാന്‍ ചെയ്ത് ഇമേജാക്കി മാറ്റി. ശേഷം അതില്‍ നിന്ന് മേല്‍പ്പറഞ്ഞ ഓരോന്നും പ്രത്യേകം പ്രത്യേകം ക്രോപ്പ് ചെയ്ത് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കോളേജിന്റെ ലോഗോ ഗൂഗിളില്‍ നിന്നാണ് എടുത്തത്. വിവിധ കാലയളവിലുള്ള രണ്ട് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ വിദ്യ ഉണ്ടാക്കിയത്.

4-6-2018 മുതല്‍ 31-3 -2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു എന്നുള്ള രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് നിര്‍മ്മിച്ചത്. ആദ്യത്തേത് 01.04.2019 ലും രണ്ടാമത്തേത് 01.04.2021 ലും കോളേജില്‍ നിന്ന് ലഭിച്ചു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് പി.ഡി.എഫ് ആക്കി പ്രിന്റ് എടുക്കുകയായിരുന്നു. എന്നാല്‍ എവിടെ നിന്നാണ് പ്രിന്റ് എടുത്തതെന്ന് ഓര്‍മ്മയില്ലെന്ന നിലപാടിലാണ് വിദ്യ. അന്ന് ഉപയോഗിച്ചിരുന്ന ഫോണ്‍ താഴെ വീണ് ഡിസ്പ്ലേ പോയത് കാരണം പുതിയ മൊബൈല്‍ വാങ്ങി. എറണാകുളത്തെ ചിറ്റൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന വിദ്യ റൂം വെക്കേറ്റ് ചെയ്തപ്പോള്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ക്കൊപ്പം ആ മൊബൈലും 4 സി റൂമിലെ വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. അട്ടപ്പാടി കോളേജിലെ അഭിമുഖം കഴിഞ്ഞ് പിടിക്കപ്പെടുമെന്നായപ്പോള്‍ തിരികെ വരുന്നവഴിയില്‍ അട്ടപ്പാടി ചുരത്തില്‍വച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് വിദ്യ കീറിക്കളഞ്ഞു.

പ്രതി അഭിമുഖ സമയത്ത് അട്ടപ്പാടി ആര്‍.ജി.എം കോളേജില്‍ സ്വന്തം കൈപ്പടയില്‍ പൂരിപ്പിച്ച ബയോഡാറ്റയില്‍ പ്രവൃത്തി പരിചയം എന്ന കോളത്തില്‍ ഗവ.ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജ് കരിന്തളം – 10 മാസം, ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പത്തിരിപ്പാലയില്‍ 7 മാസം, മഹാരാജാസില്‍ 20 മാസം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അസലും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button