Life Style

തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും പ്രശ്‌നം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

 

ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥി കഴുത്തിന്റെ മുന്‍ഭാഗത്തായി വോയ്സ് ബോക്സിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. വിവിധ തൈറോയ്ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

തൈറോയ്ഡിന്റെ പൊതുവായ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. കഴുത്തില്‍ മുഴ, നീര്‍ക്കെട്ട് പോലെ കാണപ്പെടുന്നത് തൈറോയ്ഡ് പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം.

2. ശബ്ദം അടയുക, പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാകാം.

3. ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും, തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും.

4. ശരീര ഭാരത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും തൈറോയ്ഡിന്റെ ലക്ഷണമാകാം. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ (ഹൈപ്പോ തൈറോയ്ഡിസം) ശരീരഭാരം കൂടും. അതിനാല്‍ ശരീരത്തിന്റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.

5. ചിലരില്‍ കൊളസ്ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോ തൈറോയിഡിസത്തില്‍ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും.

6. വിഷാദം ഇന്ന് പലര്‍ക്കുമുള്ള ആരോഗ്യ പ്രശ്‌നമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇതിന്റെ പിന്നിലും ഹൈപ്പോ തൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പര്‍ തൈറോയിഡിസവും ആകാം.

7. ഹൈപ്പോ തൈറോയിഡിസമുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം വരാം. സമയം തെറ്റി വരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.

8. ദീര്‍ഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.

9. തലമുടിയുടേയും ചര്‍മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button