കരുനാഗപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് തഴവ അമ്പലംമുക്കിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദ്ദിച്ച പ്രതികൾ പൊലീസ് പിടിയിൽ. വള്ളിക്കുന്നം രാഹുൽ ഭവനത്തിൽ ഗോകുൽ (24), കരുനാഗപ്പള്ളി മണപ്പള്ളി തെക്കതിൽ അഭിജിത്ത് (20) എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. തഴവ സ്വദേശിയായ സനുവിനേയും ഇയാളുടെ കടയിലെ ജീവനക്കാരനായ അഭിലാഷിനേയുമാണ് അക്രമി സംഘം മാരകമായി മർദ്ദിച്ചത്.
കഴിഞ്ഞ മാസം രണ്ടിന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഉൾപ്പെട്ട സംഘം സനുവിന്റെ കടയുടെ മുൻവശത്ത് വച്ച് മറ്റൊരാളുമായി വഴക്കുണ്ടാക്കിയത് സനു വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ മൂന്നിന് രാത്രിയോടെ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു.
Read Also : വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന വിധത്തിലുള്ള വീഡിയോ: ബലാത്സംഗ കേസില്‍ അടക്കം പ്രതിയായ യൂട്യൂബർ അറസ്റ്റില്‍
ഗോകുൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 2019-ൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും, ആലപ്പുഴ വള്ളിക്കുന്ന് സ്റ്റേഷനിൽ 2018 മുതൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം അടക്കമുള്ള മറ്റ് നാല് കേസുകളിലും പ്രതിയാണ്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, ഷെമീർ, കലാധരൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments