ദുബായ്: പ്രവാസി മലയാളി യുവതിയെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുബായ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. ദുബായില്‍ എന്‍ജീനീയറായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി 35കാരി നീതു ഗണേഷിനെ ജൂണ്‍ 14നാണ് അല്‍തവാര്‍-3 ഏരിയയിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാത്ത്‌റൂമിലെ ഷവര്‍ ഉപയോഗിച്ച് കുളിക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഇരയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഗൂഢാലോചനയില്ലെന്നും ദുബായ് പൊലീസ് പറഞ്ഞു. എന്നാല്‍, കെട്ടിടപരിസരത്ത് വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ എന്‍ജിനീയറായ ഭര്‍ത്താവ് വിശാഖ് ഗോപി, ആറു വയസ്സുകാരനായ മകന്‍ നിവീഷ് കൃഷ്ണന്‍, വീട്ടുജോലിക്കാരി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പരിസരത്ത് ഉച്ചമുതല്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. വര്‍ക്ക് ഫ്രം ഹോം ആയതിനാല്‍ രാത്രിയാണ് നീതു കുളിക്കാനായി ബാത്ത്‌റൂമിലേക്ക് പോകുന്നത്.
വൈദ്യുതി ഇല്ലാത്തതിനാല്‍ എമര്‍ജന്‍സി ലാംബും കൈയിലെടുത്തിരുന്നു. ഇതിനിടെ രാത്രി 7.15 ഓടെ വീട്ടുജോലിക്കാരിക്ക് അടുക്കളയിലെ പാത്രത്തില്‍ നിന്ന് നേരിയ തോതില്‍ ഷോക്കേറ്റു. പാത്രം ശക്തിയായി തെറിപ്പിച്ചതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇതേസമയംതന്നെയാണ് ബാത്ത്‌റൂമില്‍ നിന്ന് നീതുവിന്റെ നിലവിളി കേള്‍ക്കുന്നത്. വിശാഖും ജോലിക്കാരിയും നീതുവിന്റെ അടുക്കലേക്ക് ഓടിയെത്തി വിളിച്ചുനോക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് ബാത്‌റൂമിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നീതു അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്.
Post Your Comments