ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവര്‍ഷമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റരാത്രികൊണ്ട് ശക്തമായ മഴ പെയ്തതോടെ മുംബൈയിലും ഡല്‍ഹിയിലുമൊക്കെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുകളും രൂപപ്പെട്ടു. കൂടാതെ മഴക്കെടുതികളും രൂക്ഷമാണ്. ഹരിയാനയില്‍ ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ഒഴുകിപോയി.
ഡല്‍ഹിയില്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് ഒരു യുവതി മരിക്കുകയും ചെയ്തു. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ടാക്‌സി സ്റ്റാന്‍ഡിന് സമീപമുള്ള പഹര്‍ഗഞ്ച് സൈഡ് എന്‍ട്രിയിലാണ് സംഭവം. വെള്ളക്കെട്ടുള്ള ഭാഗത്ത് പൊട്ടിവീണ കമ്പിയാണ് അപകടത്തിന് ഇടയാക്കിയത്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കുകിഴക്കന്‍ ഇന്ത്യ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ മഴ ലഭിച്ചുതുടങ്ങിയിരുന്നു. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും മഴ ശക്തമാണ്.
ഹരിയാനയിലെ പഞ്ച്കുലയില്‍ കനത്ത മഴയില്‍ ഇന്ന് ഒരു കാര്‍ ഒലിച്ചുപോയി. ഒരു സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അവരെ പിന്നീട് രക്ഷപെടുത്തി പഞ്ചകുലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇപ്പോള്‍ സജീവമാണെന്നും മുംബൈ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്ര മുഴുവന്‍ വ്യാപിച്ചിട്ടുണ്ടെന്നും ഐഎംഡി ഡിജി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു എന്നിവയുടെ ചില ഭാഗങ്ങളിലും മണ്‍സൂണ്‍ എത്തിയിട്ടുണ്ട്, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നും മൊഹപത്ര പറഞ്ഞു.
അടുത്ത രണ്ട് ദിവസം ഡല്‍ഹിയില്‍ മഴ തുടരുമെന്നും മൊഹാപത്ര കൂട്ടിച്ചേര്‍ത്തു. മുംബൈ മേഖലയില്‍ പരമാവധി 18 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി, ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാം. മണ്‍സൂണ്‍ മധ്യ ഇന്ത്യയില്‍ സജീവമാണ്, ”ഡോ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
മുംബൈയിലെ ഘട്കോപ്പര്‍ ഈസ്റ്റിലെ രാജവാഡി കോളനിയില്‍ മൂന്ന് നിലകളുള്ള വീടിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകര്‍ന്നുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 9.30ഓടെയാണ് കെട്ടിടം തകര്‍ന്നത്.
Leave a Comment