പത്തനംതിട്ട: റാന്നിയിലെ രജിത കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് പ്രതിയായ അതുലിനൊപ്പമാണ് താമസിക്കുന്നത്. ഇവർ നിയമപരമായി വിവാഹിതരായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ആദ്യ ഭർത്താവ് ജോലിക്കായി ഗൾഫിൽ പോയ സമയത്താണ് രജിത അതുലുമായി അടുക്കുന്നത്. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് അതുലിനൊപ്പം താമസം തുടങ്ങി. ഇതിനിടെ രജിതയും വിദേശത്തേക്ക് പോയി. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തി.
സമീപകാലത്ത് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് രജിത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതിൽ അതുൽ അസ്വസ്ഥനായിരുന്നു. അതുൽ ഉപദ്രവിക്കുകയാണെന്നാരോപിച്ച് രജിത പൊലീസിൽ പരാതി നൽകിയതോടെ അതുലിന് രജിതയോട് എതിർപ്പ് വർധിച്ചു. പത്തനാപുരത്ത് വെച്ച് അതുൽ രജിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ രജിതയുടെ അമ്മക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് രജിത പൊലീസിനെ സമീപിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അതുൽ. ഈ ബന്ധത്തിൽ ഇവർക്കൊരു കുട്ടിയുമുണ്ട്.
Post Your Comments